ഉദുമ: ഭാഷയറിയാതെ പഠിപ്പിക്കാനെത്തിയ കന്നഡ മീഡിയം അധ്യാപകനെ തടഞ്ഞ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ഉദുമ ഗവ. ഹൈസ്‌കൂളിലെ കന്നഡ മീഡിയം കുട്ടികളെ പഠിപ്പിക്കാനാണ് ഈ ഭാഷ അറിയാത്ത അധ്യാപകനെ നിയോഗിച്ചത്. സര്‍ക്കാര്‍ ഉത്തരവുമായി വെള്ളിയാഴ്ച്ച സ്‌കൂളിലെത്തിയ അധ്യാപകന്‍ കന്നഡ മീഡിയം ക്ലാസിലെത്തി പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകന് കന്നഡ ഭാഷ വശമില്ലെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഭാഷയറിയാത്ത അധ്യാപകനെ തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് കന്നഡ മീഡിയം കുട്ടികള്‍ ഒന്നടങ്കം പ്ലക്കാര്‍ഡുകളുമായി സമരത്തിനിറങ്ങുകയായിരുന്നു. പ്രതിഷേധത്തില്‍ രക്ഷിതാക്കളും പങ്കെടുത്തു. സ്‌കൂള്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും കന്നഡ ഭാഷയോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രശ്‌നം വിദ്യാഭ്യാസ അധികൃതര്‍ ചര്‍ച്ച ചെയ്യുകയും ഭാഷയറിയാവുന്ന അധ്യാപകനെ നിയമിക്കാമെന്ന ഉറപ്പോടെ കുട്ടികളെ ക്ലാസിലേക്ക് തിരിച്ചയക്കുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് പി.ടി.എ 14ന് യോഗം ചേരും.