കാസര്‍കോട്: കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സെല്‍ജോക്ക് ഒത്താശ നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സെല്‍ജോയുടെ കാമുകിയായ ഇടുക്കി സ്വദേശിനിയെ ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. കൊലപാതകത്തില്‍ കാമുകിക്ക് മനസറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വഴക്കിനിടെ അബദ്ധത്തില്‍ മരണം സംഭവിച്ചുവെന്നാണ് പ്രതി ആദ്യം സെല്‍ജോ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ മൊഴി വ്യാജമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം സെല്‍ജോ കാമുകിക്ക് വാട്‌സ് ആപിലയച്ച സന്ദേശമാണ് പൊലീസ് അന്വേഷണം പ്രമീളയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചത്. ‘അവള്‍ പോയി, പിന്നീട് വിളിക്കാം’ എന്നായിരുന്നു ആ സന്ദേശം. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ നാലുമണിയോടെയാണ് ഈ സന്ദേശം കാമുകിക്ക് അയച്ചുകൊടുത്തത്. കൊലപാതകം നടന്ന വിവരമറിഞ്ഞിട്ടും ഇത് പൊലീസിനെ ഇടുക്കി യുവതി അറിയിക്കാതിരുന്നതിനാല്‍ കൊലയുമായി കാമുകിക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണ്. ഫോണിലൂടെ കാമുകിയില്‍ നിന്നും പൊലീസ് പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇടുക്കി യുവതിയില്‍ നിന്ന് വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഇടുക്കിയിലെ യുവതി കാസര്‍കോട്ട് വന്ന് സെല്‍ജോയ്‌ക്കൊപ്പം വിദ്യാനഗര്‍ പന്നിപാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇടുക്കി യുവതിയെ താമസിപ്പിക്കുന്നതിനെ പ്രമീള എതിര്‍ത്തിരുന്നു. എന്നാല്‍ സെല്‍ജോ ഇത് വകവെച്ചില്ലെന്ന് മാത്രമല്ല പ്രമീളയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒരു ദിവസം വഴക്കിട്ട് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിപ്പോയ പ്രമീള പിന്നീട് തിരിച്ചു വന്നപ്പോള്‍ സെല്‍ജോയുടെയും കാമുകിയുടെയും അവിഹിത ബന്ധം നേരില്‍ കണ്ടു. ഇതേ ചൊല്ലിയുണ്ടായ വഴക്കും ബഹളവും കൈയ്യാങ്കളിയില്‍ വരെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബേക്കല്‍ കോട്ടയുള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സെല്‍ജോക്കൊപ്പം ഇടുക്കി സ്വദേശിനി യാത്രയും നടത്തിയിരുന്നു. ഇതിനെ പ്രമീള എതിര്‍ത്തത് സെല്‍ജോയുടെ വൈരാഗ്യം കൂട്ടുകയായിരുന്നു. ഇടുക്കി യുവതിയുമായുള്ള ബന്ധത്തിന് പ്രമീള തടസമാകുമെന്ന് ബോധ്യമായതോടെ സെല്‍ജോ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.