പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി വനിതാകണ്ടക്ടര്‍ക്ക് പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി മാരത്തോണ്‍ ഓട്ടമോടിയ റിട്ട. അധ്യാപകന് പിടിവീണു. പയ്യന്നൂര്‍ എടാട്ടുമ്മല്‍ സ്വദേശിയെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത് കൊടേരി കസ്റ്റഡിയിലെടുത്തത്. ചുഴലി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മുന്‍അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നത്. അവിവാഹിതനായ അധ്യാപകന്‍ വിവാഹിതയായ വനിതാകണ്ടക്ടറുടെ പിറകെ നടന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. സുന്ദരിയായ വനിതാകണ്ടക്ടറെ കാണുമ്പോള്‍ അധ്യാപകന് വല്ലാത്ത പരവേശമാണ്. ഭൂരിഭാഗം സമയവും യുവതിയുടെ പിറകെ നടന്ന് തന്റെ പ്രണയവും വിവാഹം ചെയ്യാനുള്ള ആഗ്രഹവും തുറന്നുപറയുന്നത് അധ്യാപകന്‍ പതിവാക്കി. തന്നെ ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി താക്കീത് ചെയ്തെങ്കിലും അധ്യാപകന്‍ വിടാന്‍ തയ്യാറായില്ല. വഴിയരികിലും ബസിലും സ്റ്റാന്റിലുമെല്ലാം വനിതാകണ്ടക്ടറെ തേടിയെത്തുകയും പ്രണയാഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ അധ്യാപകന്‍ വരുന്നത് കണ്ട വനിതാകണ്ടക്ടര്‍ ഡിപ്പോയിലേക്ക് ഓടിയൊളിച്ചിരുന്നു. ഇതുകണ്ട അധ്യാപകന്‍ യുവതിയുടെ പേരുവിളിച്ച് പിറകെയോടുകയും ബഹളംവെക്കുകയും ചെയ്തു. മുന്നില്‍പ്പെട്ടവരെ തള്ളിമാറ്റിക്കൊണ്ടുള്ള അധ്യാപകന്റെ മാരത്തോണ്‍ ഓട്ടം കണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അമ്പരക്കുകയായിരുന്നു. കൈയില്‍ പെട്രോളൊന്നും കാണാതിരുന്നതിനാല്‍ എല്ലാവര്‍ക്കും ആശ്വാസമായി. അധ്യാപകന്റെ പരാക്രമം കാരണം മാനഹാനി വന്നതോടെയാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ അധ്യാപകനെതിരെ നേരത്തെ പയ്യന്നൂര്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ പരാതികളുണ്ടായിരുന്നു.