വിദ്യാനഗര്‍: വിദ്യാനഗര്‍ പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട് സ്വദേശി സെല്‍ജോയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിദ്യാനഗര്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അതിനിടെ പ്രമീളയുടെ മൃതദേഹം കണ്ടെത്തുന്നതിനായി ചന്ദ്രഗിരി പുഴയില്‍ അഞ്ചാം ദിവസവും തിരച്ചില്‍ തുടരുകയാണ്. കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം, വിദ്യാനഗര്‍ സി.ഐ. വി.വി. മനോജ്, എസ്.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തിരച്ചില്‍. ഇന്നലെ ഒരു സ്വകാര്യ കമ്പനിയുടെ ഐ റോവര്‍ സ്‌കാനര്‍ എത്തിച്ച് പരിശീലനാര്‍ത്ഥം പുഴയില്‍ പരിശോധന നടത്തിയിരുന്നു. ഇന്നോ നാളെയോ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെ തിരച്ചില്‍ നടത്താനാണ് നീക്കം.