കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നെയ്യംകയത്തുകാര്‍ക്ക് ഉറക്കിമില്ലാത്ത രാത്രികളായിരുന്നു. കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. സോളാര്‍ വേലി തകര്‍ത്താണ് ഇവ ഇത്തവണ ജനവാസകേന്ദ്രങ്ങളിലെത്തിയത്. കാര്‍ഷിക വിളകളായ കവുങ്ങ്, തെങ്ങ്, വാഴ മരച്ചീനി തുടങ്ങി സകല വിളകളും നശിപ്പിക്കുകയാണ്. ജനങ്ങള്‍ രാത്രിയില്‍ ആനയെ തുരത്താന്‍ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. മുമ്പൊക്കെ ഒന്നോ രണ്ടോ ആനകളാണ് ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂട്ടത്തോടെയാണ് ആനകള്‍ ഇറങ്ങുന്നത്. ആനകള്‍ക്ക് പുറമെ കാട്ടുപന്നിയും കുരങ്ങുകളും കാട്ടില്‍ നിന്ന് ഇറങ്ങിവരുന്നതോടെ ജനങ്ങളുടെ ജീവിതം തന്നെ വഴിമുട്ടുകയാണ്. വര്‍ഷങ്ങളുടെ അധ്വാനഫലമാണ് കര്‍ഷകര്‍ക്ക് ഒറ്റദിവസം കൊണ്ട് നഷ്ടമാവുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ അക്രമത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വനങ്ങള്‍ ഉള്ള ജില്ലകളിലെല്ലാം ജനങ്ങള്‍ കാട്ടുമൃഗങ്ങളെ പേടിച്ചു കഴിയുകയാണ്. ഒരിക്കല്‍ വന്ന വഴിയില്‍ കൂടി പിന്നീടും ആനകള്‍ വരുമെന്നാണ് ഇവരെ നിരീക്ഷിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ട് പിന്നീടുള്ള ഓരോ ദിവസവും ജനങ്ങള്‍ പേടിച്ചു വിറച്ച് കഴിയുകയാണ്. കൃഷിയിടങ്ങളിലുണ്ടാവുന്ന നഷ്ടത്തിന് പുറമെയാണ് മനുഷ്യരുടെ ജീവനും ഭീഷണിയാവുന്നത്. ഇവയുടെ ഭീഷണി കാരണം തുച്ഛമായ വിലയ്ക്ക് ഭൂമി വിറ്റ് മറ്റെവിടെക്കെങ്കിലും പോകുവയേ അവര്‍ക്ക് വഴിയുള്ളൂ. കാട്ടുപന്നികളെ മുമ്പ് വെടിവെച്ചു കൊല്ലുമായിരുന്നു.
എന്നാല്‍ ഇതിന് നിരോധനം വന്നതോടെയാണ് കാട്ടുപന്നികള്‍ പെറ്റുപെരുകി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ആത്മരക്ഷാര്‍ത്ഥം പോലും വന്യമൃഗങ്ങളെ നേരിടാന്‍ പറ്റാത്തസാഹചര്യമാണുള്ളത്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയവ പരിഗണിക്കേണ്ടതാണ്. സോളാര്‍വേലി, ട്രഞ്ച്, മതില്‍ തുടങ്ങിയവ നിര്‍മ്മിച്ച് മൃഗങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. കാട്ടുപന്നികളെ വെടിവെക്കാന്‍ വന മേഖലയിലുള്ള ഫോറസ്റ്റ് അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് പിറകെ വരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിവരുന്നതിനാല്‍ പല ഉദ്യോഗസ്ഥരും ഇതിന് മുതിരാറില്ല.
ജനങ്ങളെ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും കാര്‍ഷി വിളകള്‍ക്ക് സംരക്ഷണവും നഷ്ടപരിഹാരവും ലഭിക്കാനുള്ള നടപടിയും അടിയന്തിരമായി ഉണ്ടാവണം.