കാസര്‍കോട്: റെയില്‍വെ ഗേറ്റ് പൊട്ടിവീണതും പാളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതും കണ്ണൂര്‍-കാസര്‍കോട് റെയില്‍പാതയില്‍ ഗതാഗതം താറുമാറാക്കി. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയില്‍വെ ഗേറ്റിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കണ്ണപുരം റെയില്‍വേ ഗേറ്റ് കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. ഇതിന് ശേഷം പയ്യന്നൂരിനടുത്ത് ഏഴിമലയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. വിള്ളല്‍ അടച്ച് ഗതാഗതം പുനസ്ഥാപിക്കാന്‍ ഏറെ സമയം വേണ്ടിവന്നു. ഇതോടെ മണിൂക്കൂറുകളോളമാണ് ട്രെയിന്‍ ഗതാഗതം മുടങ്ങിയത്.
10215 മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് പയ്യന്നൂരിലും മണിക്കൂറുകളോളമാണ് നിര്‍ത്തിയിട്ടത്. എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടിയത്. പാളത്തിലെ ഗതാഗതതടസം കാരണം ട്രെയിന്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു.