മുള്ളേരിയ: നാല് ദിവസമായി കാനത്തൂരിനെ ഭീതിയിലാഴ്ത്തിയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ നെയ്യങ്കയത്തെ നാരായണന്‍ നായരുടെ തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. ഈ പ്രദേശത്ത് സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്ത് നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ആനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത്. പുലര്‍ച്ചെ മൂന്നോടെ ആനകളുടെ അലര്‍ച്ച കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.പടക്കം പൊട്ടിച്ചും തീപന്തം കൊളുത്തിയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും ഏറെ നേരത്തേ പരിശ്രമത്തിന് ശേഷമാണ് കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടത്തെ തോട്ടത്തില്‍ നിന്നും തുരത്തിയോടിച്ചത്. വനം വകുപ്പിന്റെ ദ്രുതകര്‍മ്മ സേനാ ആനകളെ തുരത്താനുള്ള ശ്രമം നടത്തിവരികയാണ്. എന്നാല്‍ ഒരു ഭാഗത്ത് നിന്നും തുരത്തുമ്പോള്‍ ഉള്‍കാട്ടിലേക്ക് പോകാതെ മറ്റൊരു ഭാഗത്ത് കൂടി നാട്ടില്‍ ഇറങ്ങുകയാണ്.
ഏതു നിമിഷവും കാട്ടാനകള്‍ വീണ്ടും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുമെന്ന ഭീതിയില്‍ ഉറങ്ങാതെ കഴിയുകയാണ് നാട്ടുകാര്‍. നേരത്തെ സോളാര്‍ വേലിയുള്ളതിനാല്‍ കാട് വിട്ട് പുറത്തിറങ്ങാതിരുന്ന ആനക്കൂട്ടം ഇപ്പോള്‍ വേലി തകര്‍ത്ത് ജനവാസ കേന്ദ്രങ്ങളില്‍ എത്താന്‍ തുടങ്ങിയത് കര്‍ഷകര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.