കാസര്‍കോട്: അഞ്ചുലക്ഷം രൂപ ചെലവില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പതിനൊന്ന് ദിശാബോര്‍ഡുകളിലെ അബദ്ധത്തെ ചൊല്ലി നഗരസഭാ ഭരണ സമിതിയംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ്. മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരസ്പരം പഴി ചാരാനും തുടങ്ങി. ഒരാള്‍ പുറത്ത് പോയാല്‍ നഗരസഭ മൊത്തം നന്നാവുമെന്ന തരത്തില്‍ ഒരു കൗണ്‍സിലര്‍ ഇട്ട പോസ്റ്റ് വലിയ പ്രത്യാഘാതമുണ്ടാക്കി. ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച ദിശാ സൂചികാ ബോര്‍ഡില്‍ അക്ഷരങ്ങള്‍ വളരെ ചെറുതായതിനാല്‍ വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. ഇതിനെതിരെ നഗരസഭയെ കണക്കിന് പരിഹസിച്ച് ട്രോളുകള്‍ ഇറങ്ങിയതോടെയാണ് നഗരസഭാംഗമായ ഒരു മുതിര്‍ന്ന നേതാവിനെ ലക്ഷ്യം വെച്ച് ഒരംഗം സന്ദേശമിട്ടത്.
ഇത് ശ്രദ്ധയില്‍പ്പെട്ട നേതാവ് തന്റെ ശക്തമായ പ്രതിഷേധം പാര്‍ട്ടി നഗരസഭാ ഘടകം പ്രസിഡണ്ടിനെ അറിയിച്ചു. താന്‍ നഗരസഭാ അംഗത്വം രാജിവെച്ചേക്കുമെന്ന പ്രചരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.