കാസര്‍കോട്: ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങള്‍ റേഷന്‍ വ്യാപരികളുടെ തലയില്‍ കെട്ടിവെച്ച് തലയൂരാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് എ.കെ.ആര്‍.ആര്‍.ഡി.എ. കാസര്‍കോട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മാസങ്ങളോളം എഫ്.സി.ഐയിലും എന്‍.എഫ്.എസ്.എയിലും കെട്ടികിടന്നാണ് ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടയില്‍ എത്തുന്നത്. ക്വാളിറ്റി കണ്‍ട്രാളറും റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും പരിശോധന പ്രഹസനം മാത്രമാണ്. എഫ്.സി.ഐയില്‍ നിന്ന് വരുന്ന മുറക്ക് ഭക്ഷ്യധാന്യം എന്‍.എഫ്.എസ്.എയില്‍ വിതരണം ചെയ്യാത്തതും മോശമാകാന്‍ ഒരു കാരണമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ പല കടകളിലും ഉണ്ട്. ഇത് തിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇത് വരെയും ഒരു നടപടിയും എടുത്തിട്ടില്ല. എസ്.സി.ഐ. ടാഗ് ഇല്ലാത്ത ധാന്യ ചാക്കുകളാണ് റേഷന്‍ കടയില്‍ എത്തുന്നത് എഫ്.സി.ഐ ടാഗ് ഇല്ലാത്ത തും മിഷീന്‍ സ്റ്റിച്ച് അല്ലാത്തതുമായ ധാന്യ ചാക്കുകള്‍ അടുത്ത മാസം മുതല്‍ റേഷന്‍ വ്യാപരികള്‍ തിരിച്ചയക്കും. ഭക്ഷ്യ ഭദ്രത നിയമമനുസരിച്ച് എന്‍.എഫ്.എസ്.എയില്‍ നിന്നും അയക്കുന്ന ഭക്ഷ്യധാന്യം അളവിലും തൂക്കത്തിലും ഉള്ള കൃത്യത റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. ഇതും പാലിക്കപെടുന്നില്ല. എത്രയും പെട്ടെന്ന് ഇതിനെതിരെ ഒരു തീരുമാനമുണ്ടാവണമെന്ന് താലൂക്ക് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് സതീശന്‍ ഇടവേലി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് ശങ്കര്‍ ബെള്ളിഗെ, ജില്ല ജന.സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, ഇ.കെ. അബ്ദുള്ള, വിജയന്‍ നായര്‍, ലോഹിതാക്ഷന്‍ നായര്‍, രവി കെ., ടി.ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ ടി.കെ, കൃഷ്ണന്‍ മണിയാണി, രമേശന്‍, എസ്.എന്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.