മുള്ളേരിയ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും പരക്കെ നാശം. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. മുള്ളേരിയ കൃഷ്ണ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ മരം വീണ് തകര്‍ന്നു. ഹരീഷ് മുള്ളേരിയയുടെ ഓട് മേഞ്ഞ വീടും മരം വീണ് തകര്‍ന്നിട്ടുണ്ട്. പുരുഷോത്തമ മുള്ളേരിയ, ചന്ദ്രശേഖര ചോദമൂല, ഇന്ദിര മുള്ളേരിയ, മണി നെച്ചിപ്പടുപ്പ്, മുള്ളേരിയ ഗാഡിഗുഡ മൈന്തംപാറയിലെ പൊലീസ് ജീപ്പ് ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളും കാറ്റില്‍ തകര്‍ന്നു. മുള്ളേരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഭാസ്‌കരന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. അഡൂര്‍ പട്ടമൂലയിലെ രാജന്റെ വീട് തകര്‍ന്നു. കര്‍മ്മംതൊടിയിലെ ഉണ്ണികൃഷ്ണന്റെ ഓട് മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണു. നാരമ്പാടി കുണ്ടൂര് പടുപ്പുവിലെ മൊയ്തീന്‍ കുഞ്ഞിയുടെ വീടിന്റെ ഭിത്തി മിന്നലേറ്റ് പിളര്‍ന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു. മുള്ളേരിയ കരിമ്പുവളപ്പിലെ മൈന്തപ്പന്റെ വീട് ഭാഗികമായി തകര്‍ന്നു. മുള്ളേരിയ പാണൂരിലെ എം. കുഞ്ഞികൃഷ്ണന്‍ നായരുടെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ നശിച്ചു.