കാസര്‍കോട്: ദേശീയസ്വാതന്ത്ര്യത്തിന്റെ പ്രമുഖരായ നേതാക്കളെ കാവിയണിയിക്കാന്‍ വേണ്ടിയുള്ള പരിശ്രമമാണ് നരേന്ദ്ര മോഡിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ഡോ. സുബ്ബറാവു ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ നിഴല്‍പോലും പതിയാതെ ശ്രദ്ധിച്ച പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ആര്‍.എസ്.എസ് സ്ഥാപകരെയും നേതാക്കളെയും എല്ലാം രാജ്യത്തിന്റെ പരമോന്നത ബഹുമതി കൊടുത്ത് ആദരിക്കണം എന്ന് വാദിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്. സത്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലും സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിലും എവിടെയാണ് അവരുടെ പങ്ക് രേഖപ്പെടുത്താനും അവകാശപ്പെടാനുമുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാണ് നമ്മളെല്ലാം. ആ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കഴിഞ്ഞ തലമുറ നല്‍കിയ സേവനത്തെ കുറിച്ചും അവരുടെ പോരാട്ടവീര്യത്തെ കുറിച്ചും പുതുതലമുറ അറിയണം. അത് പരിചയപ്പെടുത്തുന്നതിനാണ് മണ്‍മറഞ്ഞ് പോയ നേതാക്കളുടെ ജന്മശതാബ്ദിപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും സുബ്ബറാവുവിനെ അനുസ്മരിച്ച് കാനം പറഞ്ഞു.
എല്ലാ നിലകളിലും മാതൃകാപരമായി പ്രവര്‍ത്തിച്ചയാളാണ് ഡോ. സുബ്ബറാവു. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ക്ക് വേണ്ടി ശക്തമായി വദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പല വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് നടത്തിയ സ്‌പ്രെയിംങിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ഡോ. സുബ്ബറാവുവായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇതുപോലുള്ള ആളുകള്‍ക്ക് അല്ല സ്ഥാനം മറിച്ച് കോര്‍പറേറ്റ് താത്പര്യം സംരക്ഷിക്കുകയാണ് ഈ ഗവണ്‍മെന്റ് ചെയ്യുന്നത്. വേള്‍ഡ് ഹങ്കര്‍ ഇന്റക്‌സ് 117 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 93 ആയിരുന്നു. ഇപ്പോള്‍ അത് 102ല്‍ നില്‍ക്കുകയാണ്. ഇതിലൂടെ നാട്ടിലെ പട്ടിണി മാറുകയാണോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പട്ടികയില്‍ നാം എത്തണമെങ്കില്‍ നമ്മുടെ രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങളില്‍ തെറ്റുണ്ടെന്ന് മനസ്സിലാക്കാം. കഴിഞ്ഞ 70 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക നിലപരിശോധിച്ചാല്‍ ഏറ്റവും മോശപ്പെട്ട സാമ്പത്തിക നിലയാണ് ഇന്ത്യക്ക് ഇന്നുള്ളതെന്നും ഒപ്പം 45 വര്‍ഷ കാലത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയുള്ള രാജ്യം ഇന്ത്യായാണെന്നുമാണ് നീതി ആയോഗ് തന്നെ പറയുന്നത്. രാജ്യത്തെ മൊത്തം സമ്പത്ത് വെറും ഒരു ശതമാനം ആളുകളുടെ കൈവശമാണ്. സമ്പത്തിന്റെ കേന്ദ്രീകരണവും ദാരിദ്ര്യവല്‍ക്കരണവും നമ്മുടെ രാജ്യത്തുണ്ടാക്കുന്ന അസ്വസ്ഥത എത്രമാത്രമെന്ന് ഇപ്പോള്‍ വ്യക്തമായി അറിയാം. അത് പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്. അമേരിക്കന്‍ സന്ദര്‍ശത്തിലൂടെ ബി.പി.സി.എല്‍ എന്ന കമ്പനി അമേരിക്കന്‍ കമ്പനിക്ക് കച്ചവടമുറപ്പിച്ചിട്ടാണ് മോഡി വന്നിരിക്കുന്നത്.
മോഡി ചൈനക്കൊപ്പം വളരുന്നതിനെ കുറിച്ചാണ് സ്വപ്‌നം കാണുന്നത്. ചൈനയോട് ചര്‍ച്ച നടത്തുമ്പോഴും നേപ്പാളിനും പിറകിലാണ് നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചനിരക്കെന്ന് അറിയുമ്പോള്‍ ലജ്ജ തോന്നണോ അതോ അഭിമാനം തോന്നണോ എന്നും കാനം ചോദിച്ചു.
സി.പി.ഐ ദേശീയ കൗണ്‍സിലംഗം മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം പി വസന്തം സംസാരിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി മുരളി, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി. കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, വി. രാജന്‍, സി.പി ബാബു, കെ.എസ് കുര്യാക്കോസ്, ബി.വി രാജന്‍, അഡ്വ. വി. സുരേഷ് ബാബു, ഡോ. സുബ്ബറാവുവിന്റെ മക്കളായ പ്രഭാകര്‍ റാവു, അഡ്വ. അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു.