കാസര്‍കോട്: അടുക്കത്ത്ബയല്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പരക്കെ പ്രശംസ. എല്ലാവരുടെയും അവസരോചിതമായ ഇടപെടലും അക്ഷീണ പ്രയത്‌നവുമാണ് നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ടാങ്കര്‍ലോറിയും വാതകവും മാറ്റിയതോടെയാണ് ഭീതിയകന്നത്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍ നിന്ന് പാചകവാതകം ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് മുഴുവനായും മാറ്റിത്തീര്‍ന്നത്. നാല് ടാങ്കര്‍ ലോറികളിലേക്കാണ് മാറ്റിയത്. തുടര്‍ന്ന് ടാങ്കര്‍ ലോറി റോഡരികില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടങ്ങി. രാത്രി 12.30 ഓടെയാണ് ടാങ്കര്‍ കറന്തക്കാട് ഭാഗത്തേക്ക് നീക്കിയത്. പിന്നീട് ദേശീയ പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതും രാത്രിയോടെ പുനസ്ഥാപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ടാങ്കര്‍ ലോറി മറിഞ്ഞ് ചോര്‍ച്ചയുണ്ടായത്.ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും പരിസരവാസികളുടെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
ജനവാസ പ്രദേശത്തെ ഏറെ ഭീതിയിലാഴ്ത്തിയ ദുരന്തമുഖത്തു നിന്ന് നാടിനെ രക്ഷപ്പെടുത്തിയതിന് ഫയര്‍ഫോഴ്‌സിനും പൊലീസിനും ബിഗ് സല്യൂട്ട് നല്‍കുകയാണ് നാട് ഒന്നടങ്കം. ഇരുപത് മണിക്കൂറോളം നീണ്ട, ഉറക്കമൊഴിഞ്ഞുള്ള രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാണ് ഇവര്‍ നാടിനെ തീപടരാതെ കാത്തത്. കാസര്‍കോട് ഫയര്‍സ്റ്റേഷന് പുറമെ ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഓഫീസര്‍മാരടക്കം മുപ്പതോളം ഫയര്‍ന്മാന്‍മാരാണ് നേതൃത്വം നല്‍കിയത്. ടാങ്കറിലെ ചോര്‍ച്ച അടച്ച ശേഷം വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നത് ശ്രമകരമായ ജോലിയായിരുന്നു. 20,000 ത്തില്‍പരം ലിറ്റര്‍ വെള്ളമാണ് ഇതിനായി ഉപയോഗിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ. അരുണ്‍, പ്രകാശ് കുമാര്‍, എ.ടി. ജോര്‍ജ്ജ്, ലീഡ് ഫയര്‍മാന്‍മാരായ കെ.വി. മനോഹരന്‍ അടക്കമുള്ളവര്‍ നേതൃത്വം നല്‍കി. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിന്റെ നേതൃത്വത്തില്‍ നിരവധി സി.ഐമാര്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.