കാസര്‍കോട്: മാനന്തവാടി ഗവ.ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല തട്ടിയെടുത്ത കാസര്‍കോട് സ്വദേശി സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. നിനരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട്ടെ ഉപ്പള സ്വദേശിയാണ് മാല തട്ടിയെടുത്തതെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ യശോദ(64)യുടെ സ്വര്‍ണ്ണമാലയാണ് തട്ടിയെടുത്തത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം മാനന്തവാടി ആസ്പത്രിയില്‍ ചികിത്സക്കെത്തിയതായിരുന്നു യശോദ. ഡോക്ടറെ കാണാനും പരിശോധിക്കാനും യശോദയെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ ഉപ്പളയിലെ യുവാവ് വയസായവര്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്നുപറഞ്ഞ് വൃദ്ധ ദമ്പതികളുടെ വിശ്വാസം പിടിച്ചുപറ്റി. തുടര്‍ന്ന് യശോദയുടെ ഭര്‍ത്താവിനെയും കൂട്ടി യുവാവ് പഞ്ചായത്ത് ഓഫീസിലേക്ക് പോയി. പിന്നീട് മുദ്രപത്രം വാങ്ങിവരാമെന്നുപറഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ നിന്നിറങ്ങിയ യുവാവ് നേരെ ആസ്പത്രിയിലെത്തുകയും യശോദയെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി തന്ത്രപൂര്‍വം മാല തട്ടിയെടുത്ത് സ്ഥലം വിടുകയുമായിരുന്നു. യശോദയുടെ പരാതിയില്‍ യുവാവിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് ആരാണെന്ന് വ്യക്തമായത്. പൊലീസ് അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.