പയ്യന്നൂര്‍: വിവാഹശേഷം വരന്റെ വീട്ടിലെത്തിയ ഉടന്‍ തന്നെ യുവതി കാമുകനൊപ്പം പോകണമെന്ന് വാശിപിടിച്ച് കരഞ്ഞതോടെ പ്രശ്‌നത്തില്‍ പൊലീസ് ഇടപെട്ടു. പിന്നെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. കാഞ്ഞിരങ്ങാട് വണ്ണാപ്പാറ സ്വദേശിയായ ഗള്‍ഫുകാരനും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ഒരു ഓഡിറ്റോറിയത്തില്‍ കെങ്കേമമായാണ് നടന്നത്. വിവാഹനിശ്ചയത്തിന് ശേഷം യുവതിക്ക് മോതിരം മാറി ഒരുവര്‍ഷം മുമ്പാണ് വണ്ണാപ്പാറ സ്വദേശിയായ യുവാവ് ഗള്‍ഫിലേക്ക് പോയത്. ഗള്‍ഫുകാരന്‍ കൊടുത്ത ഫോണിലൂടെ രണ്ടുപേരും ഹൃദയവികാരങ്ങളും സ്വപ്‌നങ്ങളും കൈമാറുകയും ചെയ്തു. സല്‍സ്വഭാവിയും സ്‌നേഹസമ്പന്നയുമായ യുവതിയെ തന്നെ ഭാര്യയായി കിട്ടുന്നുവെന്ന സന്തോഷത്തില്‍ ഗള്‍ഫില്‍ നിന്ന് പറന്നെത്തിയ യുവാവ് മധുവിധുരാവുകളെ സ്വപ്‌നം കണ്ട് വധുവിന്റെ കഴുത്തില്‍ താലികെട്ടുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ഹിറ്റ് പ്രണയസിനിമാഗാനങ്ങളുടെ അകമ്പടിയോടെയുള്ള വീഡിയോ ഷൂട്ട്് കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെയത്തിയതോടെ വധുവിന്റെ മട്ടും ഭാവവും മാറി. താന്‍ പട്ടാമ്പിയിലെ യുവാവുമായി നാലുവര്‍ഷക്കാലമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി അതുനടക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ യുവതി താന്‍ പോകുമെന്ന് വാശിപിടിച്ചുകരഞ്ഞു. ഇതോടെ താലിമാല തിരിച്ചുവേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ തങ്ങളുടെ മാനം കളഞ്ഞ മകളെ വേണ്ടെന്ന് പറഞ്ഞ് അഛനമ്മമാര്‍ വരന്റെ വീട്ടില്‍ നിന്നും പോയി. ബഹളം കേട്ട് പരിസരവാസികളും വരന്റെ വീട്ടില്‍ തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ പൊലീസ് വരനെയും വധുവിനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കാമുകനൊപ്പം പോകണമെന്ന വാശി യുവതി പൊലീസ് സ്റ്റേഷനിലും തുടര്‍ന്നു. ഒരുതരത്തിലും യുവതി വഴങ്ങുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് പട്ടാമ്പിക്കാരന്‍ കാമുകനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തങ്ങള്‍ കടുത്ത പ്രണയത്തിലാണെന്ന് പട്ടാമ്പി സ്വദേശി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം വിട്ടയച്ചു.