കുമ്പള: സി.പി.എം സമ്മേളനങ്ങള്‍ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന കാലം ആസന്നമായിരിക്കുകയാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. കുമ്പളയിലെ എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ആയിരത്തെട്ട് നാളികേരങ്ങളോടുകൂടിയ ഗണപതിഹോമത്തോടെ സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങുന്ന അവസ്ഥയിലേക്ക് ഇനി ഏറെ ദൂരമില്ല. വിശ്വാസത്തിന്റെ ശക്തി എന്താണെന്ന് വൈകിയാണെങ്കിലും സി.പി.എമ്മിന് ബോധ്യമായി തുടങ്ങിയിരിക്കുന്നു. വിശ്വാസ സംരക്ഷണത്തില്‍ സി.പി.എമ്മിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് വ്യക്തമായി പറയണം. 2013ലെ പാലക്കാട് പ്ലീനത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ഗണപതിഹോമം, ഭഗവതിസേവ പോലുള്ള ചടങ്ങുകള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പാടില്ലെന്നായിരുന്നു. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സങ്കല്‍പങ്ങളെയും തള്ളി പറയുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. വിശ്വാസവും വികസനവുമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നടപ്പിലാക്കിയ പല പദ്ധതികളും കോടിക്കണക്കിന് രൂപയും അവരിലേക്ക് എത്തിക്കാതെ കൊള്ളയടിക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് വഞ്ചനാപരമാണ്. കേരളത്തില്‍ പ്രളയ ദുരന്തമുണ്ടായപ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ കേരളസര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍, സെല്‍കോഡിനേറ്റര്‍ കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.