കൊച്ചി: കേരളത്തിലേക്ക് കടത്തുന്ന അനധികൃത സ്വര്‍ണ്ണം പിടികൂടുന്നതിന് കസ്റ്റംസ് റെയ്ഡ് വ്യാപിപ്പിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളുലായി കൊച്ചിയിലേയും കാസര്‍കോട്ടേയും കസ്റ്റംസ് സ്‌ക്വാഡുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 123 കിലോഗ്രാം സ്വര്‍ണ്ണവും 2 കോടി രൂപയുടെ ഇന്ത്യന്‍ കറസിയും 1900 അമേരിക്കന്‍ ഡോളറും രണ്ട് വാഹനങ്ങളും പിടികൂടി. അനധികൃതമായി സ്വര്‍ണ്ണം കടത്തിയതിന് 17 പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകുംവരെ നീണ്ടു നിന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 23 വീടുകളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലുമാണ് പരിശോധന നടത്തിയത്.കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുവന്ന് ഉരുക്കി സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്ന സംഘത്തിന്റെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നൂറോളം വരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും റെയ്ഡ് വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.