കാസര്‍കോട്: നിശ്ചിത പരിധിക്കപ്പുറമുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് മൂലം ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേള്‍വിത്തകരാറുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്) ചെയര്‍മാന്‍ ഡോ. സി. ജോണ്‍ പണിക്കരുമായി ചര്‍ച്ച നടത്തി. വ്യാവസായിക മേഖലകളില്‍ തന്നെ അനുവദനീയമായ ശബ്ദ പരിധി 75 ഡെസിബെല്‍ ആണെന്നിരിക്കെ 115 ഡെസിബെലിന് മുകളിലുള്ള ഹോണുകളാണ് നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. സാധാരണ സംസാരത്തിനിടയില്‍ 45 മുതല്‍ 50 ഡെസിബെല്‍ വരെയാണ്.
മണിക്കൂറുകളോളം 75 ഡെസിബെലിന് കൂടുതലുള്ള ശബ്ദം കേട്ടിരിക്കുന്നത് അപകടകരമാണ്. പരിധിക്കപ്പുറമുള്ള ശബ്ദം കേള്‍ക്കുന്നത് ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും രക്ത സമ്മര്‍ദ്ദം, അസിഡിറ്റി, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ക്രമേണ ഹൃദയ രോഗങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യും. ശബ്ദ മലിനീകരണത്തിനെതിരേ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
താലൂക്ക് അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാംപുകളും നടത്തും.
ചര്‍ച്ചയില്‍ ഇന്ത്യന്‍ പീഡിയാട്രിക് അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി. പദ്മനാഭന്‍, എന്‍.ഐ.എസ്.എസ് ഗവേഷക വിഭാഗം സെക്രട്ടറി ഡോ. വിജയനാഥ് എന്നിവരും പങ്കെടുത്തു.