ഉദുമ: കരിന്തളത്ത് മദ്യലഹരിയില്‍ പരാക്രമം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായ ഉദുമ, പള്ളിക്കര ഭാഗങ്ങളിലുള്ള മൂന്നുയുവതികള്‍ക്ക് കുടുംബശ്രീയോഗത്തില്‍ രൂക്ഷവിമര്‍ശനം. കുടുംബശ്രീപ്രവര്‍ത്തകര്‍ക്ക് പേരുദോഷമുണ്ടാക്കിയ യുവതികള്‍ സ്ഥാനമാനങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇതേ തുടര്‍ന്ന് രണ്ട് യുവതികള്‍ കുടുംബശ്രീ സി.ഡി.എസിലെ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. സുഹൃത്തിനെ കണ്ട് സ്‌കൂട്ടറില്‍ മദ്യലഹരിയില്‍ വരികയായിരുന്ന യുവതികള്‍ കരിന്തളം ബാങ്കിന് സമീപമെത്തിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനോട് ഇവര്‍ തട്ടിക്കയറുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുശല്യമുണ്ടാക്കിയതിനും യുവതികള്‍ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.