കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എം വരാണാധികാരിയായ ജില്ലാ കലക്ടറെയും പൊലീസ് ചീഫിനെയും അധികാര ദുര്‍വിനിയോഗത്തിന് ഉപയോഗിക്കുകയാണെന്ന്ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി. കെ കൃഷ്ണദാസ് ആരോപിച്ചു. കാസര്‍കോട പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെ 198 ബൂത്തുകളാണ് മഞ്ചേശ്വരത്തുള്ളത്. കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ള 80 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന് കാണിച്ച് ബി.ജെ. പി ചീഫ് ഏജന്റ് പരാതി നല്‍കിയെങ്കിലും ഒന്നിലും കലക്ടര്‍ ഡോ. ഡി. സജിത്ത്് ബാബു നടപടി സ്വീകരിച്ചില്ല. എന്നാല്‍ സി.പി.എമ്മും ലീഗും സെന്‍സിറ്റീവ് ബൂത്തുകളാണെന്ന് കാണിച്ച് പരാതി നല്‍കിയ 20 ഓളം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇലക്ഷന്‍ പ്രഖ്യാപിച്ച അന്നു മുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കള്ളവോട്ടു തടയുന്നതിന് നടപടികളെടുക്കണമെന്നും സേനയെ വിന്യസിക്കണമെന്നുമൊക്കെ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ലീഗും സി.പി. എമ്മും ആവശ്യപ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ അതൊക്കെ നിഷേധിക്കുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച കലക്ടറെ കാണാന്‍ നേതാക്കളെത്തിയെങ്കിലും കലക്ടര്‍ കാണാന്‍ കൂടി അവസരം നല്‍കിയില്ല. ഇതു പോലെ തന്നെയാണ് ജില്ലാ പൊലീസ് ചീഫിന്റെയും പെരുമാറ്റം. കൊട്ടിക്കലാശത്തിന് കുമ്പളയിലും ഉപ്പളയിലും മഞ്ചേശ്വരത്തും പട്ടിക്കാടാണ് ബി.ജെ.പിക്ക് നല്‍കിയത്. പരാതി പറഞ്ഞപ്പോള്‍ വേണമെങ്കില്‍ എടുത്തോ എന്ന ഭീഷണിയാണ് പൊലീസ് ചീഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. എത് തിരഞ്ഞെടുപ്പു ചട്ടപ്രകാരമാണ് കലക്ടറും എസ്.പിയും പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. ലീഗിന് കള്ളവോട്ടിന് അവസരമൊരുക്കാനാണ് കലക്ടറും എസ്.പിയും ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ നിര്‍ദേശങ്ങളാണ് ഇതിന്റെ പിന്നില്‍. മഞ്ചേശ്വരത്ത് ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ച് ലീഗിനെ ജയിപ്പിക്കാനുള്ള വഴി ആലോചിക്കുകയാണ് സി.പി.എം. അതിനാല്‍ സി.പി.എം നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കലക്ടര്‍ക്കും പൊലീസ് ചീഫിനുമെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമീഷണര്‍ക്കും സംസ്ഥാന കമീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബാലകൃഷണ ഷെട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.