ഉപ്പള: മന്ത്രി കെ.ടി ജലീലിന് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ഉപ്പളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീല്‍ വിവാദത്തെ തുടര്‍ന്ന് സര്‍വ്വകലാശാല പരീക്ഷകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍ ചെയ്യുന്നത്. പ്രശ്‌നത്തില്‍ കെ.ടി ജലീല്‍ വ്യക്തമായ മറുപടി നല്‍കണം. രാജ്യത്തെ സിവില്‍ സര്‍വ്വീസ് സംവിധാനത്തിനെതിരായ ആരോപണം ഗുരുതരമാണ്. തികച്ചും കുറ്റമറ്റ രീതിയിലാണ് ഐ.എ.എസ് പരീക്ഷ നടത്തേണ്ടത്. ഫലം പ്രഖ്യാപിച്ചതിന് ശേഷം മോഡറേഷന്‍ നല്‍കിയത് ശരിയല്ല. മാര്‍ക്ക്ദാന വിവാദത്തിലും സിവില്‍ സര്‍വീസ് പരീക്ഷക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിലും യു.ഡി.എഫ് അന്വേഷണം ആവശ്യപ്പെടും.
മഞ്ചേശ്വരത്ത് ബി.ജെ.പിയുമായുള്ള പോരാട്ടത്തില്‍ യു.ഡി.എഫ് വിജയം നേടും. എല്‍.ഡി.എഫ് മൂന്നാമതാകും. മഞ്ചേശ്വരത്ത് യു.ഡി.എഫിന് വ്യക്തമായ മേധാവിത്വമുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി യെ സഹായിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. എല്‍.ഡി.എഫിന്റേത് നിലനില്‍പ്പിനുള്ള പോരാട്ടമാണ്. കാന്തപുരം വിഭാഗം ഉള്‍പ്പടെ വോട്ട് ചെയ്യുമെന്നാണ്് യു.ഡി.എഫിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് എല്ലാ വിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു-കുഞ്ഞാലിക്കുട്ടി പറഞ്ഞു