കുമ്പള: കാസര്‍കോട് ജില്ലയില്‍ 22ന് നടക്കാനുള്ള കന്നട, മലയാളം അറിയാവുന്നവര്‍ക്കുള്ള എല്‍.ഡി.സി പരീക്ഷയ്ക്ക് ജില്ലയ്ക്ക് പുറത്ത് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത് പൊലീസ് സെലക്ഷന് വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുപോലെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജില്ലയില്‍ സൗകര്യമുണ്ടായിട്ടും മറ്റ് ജില്ലകളില്‍ കൂടി പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടത് റദ്ദ് ചെയ്യണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജില്ലക്ക് പുറത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിലൂടെ എസ്.എഫ്.ഐക്കാര്‍ക്ക് കോപ്പി അടിക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുന്നത്. മറ്റ് ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചത് അന്വേഷണ വിധേയമാക്കണം. ഭാഷാ ന്യൂനപക്ഷങ്ങളോട് കടുത്ത അവഗണനയാണ് യു.ഡി.എഫും എല്‍.ഡി.എഫും കാണിച്ചിട്ടുള്ളത്. കന്നഡ ഭാഷയറിയാത്ത 18 അധ്യാപകരെയാണ് ഇരുമുന്നണികളുടെ ഭരണകാലത്ത് ജില്ലയില്‍ പി.എസ്.സി വഴി നിയമനം നടത്തിയത്. ഈ നിയമനത്തില്‍ പി.എസ്.സി കടുത്ത അഴിമതിയാണ് നടത്തിയിട്ടുള്ളത്. സി.പി.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് ഉന്നത നേതാക്കള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇവിടെ നിയമനം നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സൗകര്യം നോക്കി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഈ തിരഞ്ഞെടുപ്പില്‍ വിശ്വാസി സമൂഹവും ഭാഷാ ന്യൂനപക്ഷങ്ങളും മത ന്യൂനപക്ഷങ്ങളും എന്‍.ഡി.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. എ.പി.അബ്ദുള്ള കുട്ടിയുടേയും മുസ്ലീം നേതാക്കളുടേയും സാന്നിധ്യം ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്കയകറ്റാന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. മുസ്ലീംലീഗിന് വേണ്ടിയാണ് ഇവിടെ സി.പി.എം പ്രചരണം നടത്തുന്നത്. അതിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തന്നെ ദുരുപയോഗം നടത്തുകയാണ്. പത്രസമ്മേളനത്തില്‍ ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്രഭണ്ഡാരി സംബന്ധിച്ചു.