‘ഓര്‍മ്മകള്‍’ വായിച്ച് സന്തോഷപൂര്‍വ്വം ഷാഫിച്ച വിളിച്ചു. റഹ്മാന്‍ തായലങ്ങാടിയുടെ ജ്യേഷ്ഠന്‍. ഏറെ ആഹ്ലാദപൂര്‍വ്വം പഴയ പല നേരമ്പോക്കുകളും ഉണര്‍ത്തിയെടുക്കവെ ഷാഫിച്ച പറഞ്ഞു.
‘നീ…ആ…ചെക്കനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അയച്ചത് ഓര്‍മ്മയുണ്ടോ?
പിന്നില്ലേ; ആ ചോദ്യം കേട്ടതും ആ പയ്യന്‍ സ്മൃതികളിലോടിയെത്തി. കാതില്‍ കല്ലു കടുക്കന്‍. പൂണൂല്‍ധാരി. വിശ്വഭട്ട് എന്ന് പേര്. ഫോര്‍ട്ട് റോഡില്‍ മുഹമ്മദിച്ചാന്റെ കട കഴിഞ്ഞാല്‍ നാരായണ വിലാസം ഹോട്ടല്‍. നാരായണസ്വാമി നല്ലൊരു കഥാകൃത്താണ്. കന്നഡയില്‍ ചെറിയ മാസികയിലൊക്കെ കഥ എഴുതിയിട്ടുണ്ടെന്ന് പറയുന്നു. ഊണ്‍ നേരമായാലല്‍ നാരായണ വിലാസത്തില്‍ കഠിന തിരക്കാണ്. സസ്യഭക്ഷണത്തിന്റൊപ്പം ഒരു രസം എന്ന ഉപദംശം ഉണ്ടല്ലോ. ഇത്ര ലഹരിമയമായ രസം ഇന്ത്യയില്‍ പലേടത്തും സസ്യഭക്ഷണം കഴിച്ച അനുഭവത്തില്‍ നിന്ന് പറയട്ടെ; അതാണ് യഥാര്‍ത്ഥ രസം. സ്വാമി ഫലിതപ്രിയനാണ്. ഒരാള്‍ രസം ചോദിച്ചാല്‍
‘ദാ ഇങ്ക ടേബിളില് ഒരു പെഗ്ഗ് റസം ഇട്…’ രസം ആവശ്യപ്പെട്ടയാള്‍ ചിരിക്കും. ഊണിന് മുമ്പ് ടിക്കറ്റെടുക്കണം. സ്വാമി ടിക്കറ്റ് എടുക്കുന്നവരോട് ‘പാസ്‌പോര്‍ട്ട്’ എന്നാണ് പറയുക. ഇലയുമായി വരുമ്പോള്‍ സ്വാമി പാസ്‌പോര്‍ട്ട് ആവശ്യപ്പെടും.
വെളുത്തു വിശാലമായ നെറ്റിത്തടത്തില്‍ നാലുവിരല്‍ വീതിയില്‍ ചന്ദനം, ഒത്ത നടുവിലൊരു സിന്ദൂരപ്പൊട്ട്. ബനിയന്റെ ഇടയിലൂടെ എത്തിനോക്കുന്ന പൂണൂല്‍. സാഹിത്യപരിഷത്ത് സമ്മേളനത്തിന് മുണ്ടശ്ശേരി മാഷും തകഴിയും എയര്‍ലൈന്‍സില്‍ ഒരു മുറിയിലായിരുന്നു. എന്നെ കാണണമെന്ന് സി.പി ശ്രീധരനോട് തകഴി ആവശ്യപ്പെട്ടു. (തകഴിയും ഞാനും ഉറ്റ പരിചയക്കാരായിരുന്നു. ആ ഓര്‍മ്മ പിന്നീട്) ഞാന്‍ വാഹനമെടുത്ത് അതിശീഘ്രം എയര്‍ലൈന്‍സിലെത്തി. മുണ്ടശ്ശേരി മാഷും തകഴിയും ശരിക്കും സാഹിത്യ ലഹരി നുകര്‍ന്ന് ഇരിക്കയാണ്. തകഴിയുടെ ഓര്‍മ്മ ശക്തി എന്നെ അമ്പരപ്പിച്ചു.
‘മോനെ; ആ പട്ടരുടെ ഹോട്ടല്‍ എവിടെയാ… കുറച്ചു പരിപ്പുവട വേണം… ഈ സംഭവത്തിനും കുറേ നാള്‍ മുമ്പ് മംഗലാപുരത്ത് നിന്ന് തകഴി തീവണ്ടിയില്‍ വരുന്നതറിഞ്ഞ് ഞാനും കെ.എം അഹ്മദും റെയില്‍വെ സ്റ്റേഷനിലെത്തി .തകഴി കൃതികളുടെ ചില കന്നഡ മൊഴിമാറ്റം സംബന്ധിച്ച് ഉടമ്പടി ഉണ്ടാക്കി വരും വഴിയാണ്.
അഹ്മദ് ചോദിച്ചു
‘ഡാ തകഴിക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്കേണ്ടേ? ഞാന്‍ കുറച്ച് പരിപ്പുവട നാരായണ വിലാസത്തില്‍ നിന്നും സ്റ്റേറ്റ് ഹോട്ടല്‍ കാന്റീനില്‍ നിന്ന് ഹോളിഗയും വാങ്ങി. ഉബൈദ് മാഷ് മൊഴിമാറ്റം നടത്തിയ ഒരു തകഴി കൃതിയെപ്പറ്റി സംസാരിക്കാനാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഞങ്ങള്‍ തകഴിയെ കാണുന്നത്. കാഞ്ഞങ്ങാട് വരെ യാത്ര ചെയ്തു. പരിപ്പുവട ആസ്വദിച്ച തകഴി ഇതാരുടെ നിര്‍മ്മിതി എന്ന് ചോദിച്ചതിന് ‘പട്ടരുടെ ഹോട്ടലിലെ’ എന്ന എന്റെ മറുപടി ഓര്‍ത്തിട്ടാണ് മുണ്ടശ്ശേരിക്കൊപ്പം സാഹിത്യലഹരി പതയവേ പട്ടരുടെ ഹോട്ടല്‍ അന്വേഷിച്ചത്.
ഞാന്‍ നാരായണഭട്ടിനോട് മുണ്ടശ്ശേരിയും തകഴിയും അദ്ദേഹത്തിന്റെ പരിപ്പുവട ആസ്വദിച്ച കാര്യം ഉണര്‍ത്തി. ചായക്ക് ഓര്‍ഡര്‍ നല്‍കുന്നവരോട് ‘സാഹിത്യകാരന് സമ്മതിച്ച ചൂട് പരിപ്പുവട’ എന്നായി നാരായണഭട്ടിന്റെ പരസ്യവാചകം. ഭട്ട് മരിച്ചുവെന്നാണ് ഷാഫിച്ച പറഞ്ഞത്.
വിശ്വഭട്ട് എന്ന പയ്യന്റെ കാര്യം പറഞ്ഞത് അയാള്‍ നാരായണ വിലാസത്തില്‍ ഹെല്‍പ്പറായിരുന്നു എന്ന കാര്യം ഉണര്‍ത്താനാണ്. സിനിമയിലും അഭിനയിക്കുന്ന ചില നടന്മാരുമായി ഫോര്‍ട്ട് റോഡിലെ നാരായണ വിലാസത്തില്‍ സസ്യഭക്ഷണം കഴിക്കാന്‍ ഞാന്‍ പോയിട്ടുണ്ട്. പട്ടം സദന്‍, പോള്‍വെങ്ങോല, ആലുംമൂടന്‍, മണവാളന്‍ ജോസഫ് തുടങ്ങിയവരെ പെട്ടന്ന് ഓര്‍മ്മ വന്നു. ഇലയിടുകയും ഭക്ഷണാനന്തരം ഇലയെടുത്ത് സാപ്പാക്കുകയും ചെയ്യുന്ന വിശ്വഭട്ടിന് ഒരു കാര്യം ഉറപ്പായി. ഞാന്‍ സിനിമാ മേഖലയുമായി ഉറ്റ ബന്ധമുള്ള വ്യക്തിയാണ്. എരിവു കേറ്റി ആ പാവം പയ്യന്‍ഭട്ടിനെ ജാക്കിവെച്ച് ഉയര്‍ത്തി സിനിമാ നടനാക്കുന്ന വിഷയത്തില്‍ പലരും എന്നെ ഉണര്‍ത്തി.
‘എന്ത്‌റോ ഹനീഫ, നീ അവനൊരു ചാന്‍സ് വാങ്ങിക്കൊട്’എന്നെ ഹോട്ടലില്‍ കണ്ടില്ലെങ്കില്‍ തേടി വരലായി. എനിക്കതൊരു വമ്പന്‍ ശല്യവുമായി. ഒരു കുസൃതിക്ക് വഴിയൊരുക്കി ഞാന്‍ അവന്റെ അഡ്രസ് വാങ്ങിച്ചു. ഐ.വി ശശി എഴുതും മട്ടില്‍ ഒരു ഇന്‍ലന്റ് ഞാന്‍ തന്നെ എഴുതി അവന്റെ വിലാസത്തില്‍ പോസ്റ്റ് ചെയ്തു.
‘അടുത്തപടം ഉടനെ തുടങ്ങുമെന്നും മൂന്ന് വിവിധ പോസിലുള്ള പടം അയക്കാനുമാണ് ഐ.വി ശശി ആവശ്യപ്പെട്ടത്. ഈ ഇന്‍ലന്റ് കിട്ടിയതും വിശ്വഭട്ട് ആഹ്ലാദാതിരേകത്താല്‍ തുള്ളിച്ചാടി. അവന്‍ കത്ത് എല്ലാവരെയും കാണിച്ചു. റേഡിയോ അബ്ദുല്ല പറഞ്ഞു.
‘പഹയാ, ആ ചെക്കന്‍ തൂങ്ങി മരിച്ചാല്‍ ഉത്തരം പറയേണ്ടി വരും കേട്ടോ…’
എന്തായാലും ഞങ്ങള്‍ സംഭവം ആഘോഷിച്ചു. തമിഴില്‍ നിന്നും മറ്റും സംവധായകരുടെ കത്ത് വന്നു തുടങ്ങി. ഇവന്‍ ഭ്രാന്തു പിടിച്ചതു പോലായി. ഹോട്ടലില്‍ നിന്ന് രാജിവെച്ച് വിശ്വഭട്ട് നേരെ മദിരാശിക്ക് വണ്ടി കയറി.
നാരായണഭട്ടിന് ബന്ധുത്വമുള്ള കുട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ഞാനറിയുന്നത് അവന്‍ സിനിമാ മോഹവുമായി മദ്രാസില്‍ അലയുന്നു എന്നാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവനോട് ചെയ്തത് ക്രൂരതയാണ്. സിനിമാ മോഹം തലക്കു പിടിച്ചാല്‍ അത്തരക്കാര്‍ എന്ത് അധ്വാനം ചെയ്തും കയറിപ്പറ്റും. മമ്മുട്ടിയെപ്പോലുള്ള നടന്മാര്‍ എന്തെന്ത് അധ്വാനം നടത്തിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയതെന്ന് നമുക്ക് ഊഹിക്കാം. ഈ കുസൃതിക്കഥ പറയുമ്പോള്‍ ഷാഫിച്ച അവന്റെ ക്ലൈമാക്‌സ് പറഞ്ഞില്ല.
മറ്റൊരു സിനിമാ ഭ്രാന്തന്‍ കൂടിയുണ്ട്. ബസ്സ്റ്റാന്റ് ക്രോസ് റോഡിലുള്ള നാഷണല്‍ ബുക്ക് സ്റ്റാള്‍ ഏജന്‍സിയില്‍ വരാറുണ്ടായിരുന്നു. നെല്ലിക്കുന്ന് സ്വദേശി. മൂപ്പരുടെ വേഷവിതാനങ്ങള്‍ രസകരം. കറുത്ത കൂളിംഗ് ഗ്ലാസ്, കറുത്ത ഷര്‍ട്ട്, കറുത്ത പാന്റ്‌സ്, ഒരു കറുത്ത സൂട്‌കെയ്‌സും…കുമ്പളക്കടുത്ത് കമല്‍ ഒരു പടം ചെയ്തപ്പോള്‍ (മധുരനൊമ്പരക്കാറ്റ്) ഈ കഥാപാത്രം ചെന്നിരുന്നുവത്രെ. മലയാളത്തില്‍ സംവിധായകന്‍ നിര്‍ബന്ധിച്ചാല്‍ ചെയ്യാം അത്രയേയുള്ളു. വേഷം മികച്ചതായിരിക്കണം. ‘യവനിക’ സിനിമ മിലന്‍ തീയേറ്ററില്‍ റിലീസായ കാലത്ത് ഈ സിനിമാ മോഹി മമ്മൂട്ടിയുടെ പൊലീസ് വേഷം നടിച്ചു കാണിച്ചത് ഓര്‍ക്കുന്നു. ഹിന്ദി സിനിമയാണ് ഇഷ്ടന്റെ മുഖ്യഉന്നം. നിര്‍മ്മാതാക്കളും വന്‍ തീയേറ്റര്‍ ഉടമകളും മലയാള സിനിമയുടെ മുഖ്യധാരയിലെ ചിലരുടെ ഉറ്റ ബന്ധുക്കളും കാസര്‍കോട്ടുണ്ടെങ്കിലും എന്താണ് കാരണം എന്നറിയില്ല. ഒരു നടനോ നടിയോ മുഖ്യധാരയില്‍ എത്തിയിട്ടില്ല എന്നത് ഖേദപൂര്‍വ്വം അനുസ്മരിച്ച് ഈ ആഴ്ച വിട!