കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കൊന്നക്കാട്ട് ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച വൈകിട്ടോടെയാണ് ഉഗ്രശബ്ദത്തോടെ ഉരുള്‍പൊട്ടിയത്. ഇതോടെ പ്രദേശവാസികള്‍ ഭയചകിതരായി. കൊന്നക്കാട് മാലോത്തിനടുത്ത് വനത്തിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. ഇതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. മലവെള്ളം കുത്തിയൊലിച്ചു വരുന്നതായും തേജസ്വിനി പുഴയില്‍ മലവെള്ളം ക്രമാതീതമായി വരുന്നതായും വിവരം ലഭിച്ചതിനാല്‍ നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നീ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചില്ല. വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഉചിതമായ രീതിയില്‍ മാറി താമസിക്കുന്നതുള്‍പ്പെടെയുള്ളവയ്ക്കായി തയ്യാറാകണമെന്നും ജില്ലാ ഭരണകൂടവും നീലേശ്വരം നഗരസഭയും അറിയിച്ചു.