ബോവിക്കാനം: കാട്ടാനകളുടെ കടന്ന് കയറ്റം തടയാന്‍ സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കുതിച്ചെത്തിയത് വേലി തകര്‍ത്തുകൊണ്ടാണ്. കാനത്തൂര്‍ നെയ്യംകയത്താണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പാതിരാത്രിയില്‍ ആനകള്‍ അത്യുച്ചത്തില്‍ ചിന്നംവിളിച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയായിരുന്നു. കൂട്ടം തെറ്റി വന്ന വലിയ കൊമ്പനാന കൃഷിത്തോട്ടത്തിലിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. വേറൊരുഭാഗത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ മദിച്ചു നടന്നു. കാര്‍ഷിക വിളകളെല്ലാം ആനകള്‍ ചവിട്ടി മെതിക്കുകയായിരുന്നു. സഹികെട്ട നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയോടിച്ചത്. പകല്‍ നേരങ്ങളില്‍ വനത്തില്‍ തന്നെ തങ്ങുന്ന ആനകള്‍ രാത്രികാലങ്ങളിലാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. കാട്ടാനകളുടെ പരാക്രമങ്ങള്‍ കാരണം നാട്ടുകാര്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. സുരക്ഷിത വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ ആനശല്യം രൂക്ഷമാണ്. വനംവകുപ്പ് അധികൃതര്‍ ആനകളെ പ്രതിരോധിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. വനംവകുപ്പ് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.