കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടക്കാനിരിക്കെ അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി. ഇന്നലെ അനധികൃതമായി കടത്തുകയായിരുന്ന രണ്ട് ലക്ഷം രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് അരമങ്ങാനം ബി.എം.കെ ഹൗസിലെ ഫൈസലിനെ (40)യാണ് മഞ്ചേശ്വരം പൊന്നങ്കളയില്‍ വെച്ച് വാഹനപരിശോധനക്കിടെ പൊലീസ് പിടികൂടിയത്. ബേഡകം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.ജെ സെബാസ്റ്റ്യന്‍ മോട്ടാര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന ഫൈസലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പണം കടത്തുകയാണെന്ന് വ്യക്തമായത്. എന്നാല്‍ ഇതിന് രേഖകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ച പണമാണെന്നാണ് ഫൈസല്‍ വെളുപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം ഇടപാടുകളുമായി ബന്ധപ്പെട്ട് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.