1928 മാര്‍ച്ച് 25ന് വെള്ളാരപ്പള്ളി കേരളവര്‍മ്മയുടേയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടെയും മകനായാണ് വയലാര്‍ രാമവര്‍മ്മ ജനിക്കുന്നത്. കുട്ടിക്കാലത്തുതന്നെ ഗുരുകുലസമ്പ്രദായത്തില്‍ സംസ്‌കൃതം പഠിച്ചു. പാവങ്ങളുടേയും അധഃസ്ഥിതരുടേയും നടവഴിചരിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന വയലാര്‍ കമ്യുണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മാനവമോചനപാതയ്ക്കായി പുതിയ സാംസ്‌കാരിക പരിപ്രേക്ഷ്യം നല്‍കിയ വ്യക്തിത്വമായിരുന്നു.
വാക്കുകള്‍ കൊണ്ടാണ് കവികള്‍ തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കുന്നത്. വാക്കിന്റെ പണിത്തരം തന്നെയാണ് കവിത. അപ്പോള്‍ വാക്ക് മറ്റെന്തിനും മീതെ പ്രധാനമാകുന്നു. ‘വാഗ്ഘി സര്‍വ്വസ്യ കാരണം’ വാക്കാണ് എല്ലാറ്റിനും കാരണം എന്നാണ് ഭാരതീയരുടെ പണ്ടുമുതലേയുള്ള വിശ്വാസം. വാക്കുകൊണ്ട് കവിതയുടെ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച കവിയാണ് വയലാര്‍. വയലാറെഴുതുമ്പോള്‍ വാക്ക് താനേ കവിതയ്ക്കായി വഴിപ്പെടുന്നു. വാക്കുകൊണ്ട് കവിതയില്‍ അമ്മാനമാടുന്ന കവിതന്നെയായിരുന്നു വയലാര്‍.
ചങ്ങമ്പുഴയുടെ കാവ്യവഴിയില്‍ നടന്നുപോയ വയലാര്‍ അദ്ദേഹത്തെപ്പോലെ പരാജയബോധമോ, സഹജ വിഷാദമോ, ഒന്നും വയലാറിന്റെ കവിതകളില്‍ കലര്‍ത്തിയില്ലെന്നത് യാഥാര്‍ഥ്യമാണ്. 1949ല്‍ എഴുതിയ ‘പേനയും പടവാളും’എന്ന കവിത അചഞ്ചലമായ ധീരതയോടും ശുഭാപ്തിവിശ്വാസത്തോടും കൂടി മര്‍ദ്ദനത്തെ ധിക്കരിച്ചും ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഒരു കവിയുടെ ചിത്രം വരച്ചുകാട്ടുന്നു.
‘ഈ മനോഹരതീരത്തു തരുമോ
ഇനിയൊരുജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി’
വയലാര്‍ രാമവര്‍മ്മ മലയാളത്തിന്റെ ഭാവഗായകന്‍. അദ്ദേഹം ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകം തേടി ആ കവിഹൃദയം അലഞ്ഞുനടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടുകയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വ്വന്‍ മലയാളത്തിന്റെ നിസ്തുലസൗന്ദര്യമാണ്. കാലത്തെ കടഞ്ഞെടുത്ത ഈ കവി നമ്മിലെ നിത്യചൈതന്യധാരയാണ്.
ഒരു വ്യാഴവട്ടക്കാലം കാവ്യരംഗത്ത് സജീവമായി വ്യാപരിക്കുകയും കേരളീയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ് വയലാര്‍. ‘ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത നമുക്കുമുമ്പേ നടന്നുപോയ സ്‌നേഹധനനായ മറ്റൊരു ഓര്‍ഫ്യുസസ് ആണ് വയലാര്‍’ എന്ന് ഒ.എന്‍.വി കുറുപ്പ് അഭിപ്രായപ്പെട്ടിരുന്നു. രാപ്പാടി പോയി, പക്ഷേ, ആ പാട്ടുകള്‍ മനസ്സിന്റെ വിശുദ്ധ സ്മൃതികളില്‍ പതിഞ്ഞുകിടക്കുന്നു.
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴയമട്ടില്‍ സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയ തന്നില്‍ കവിതാവാസന അങ്കുരിപ്പിച്ചത് വള്ളത്തോളിന്റേയും ശങ്കരക്കുറുപ്പിന്റേയും കവിതകളായിരുന്നു എന്ന് വയലാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എങ്കിലും മുളച്ചുകഴിഞ്ഞ കവിതാവാസനയെ തളിര്‍ക്കാനും പൂക്കാനും സഹായിച്ചത് മറ്റാരേക്കാളുമധികം ചങ്ങമ്പുഴയുടെ കവിതകള്‍ തന്നെയായിരുന്നു. വയലാറിന്റെ സര്‍ഗ്ഗവ്യാപാരത്തില്‍ ഏറ്റവും സ്വാധീനശക്തിയായി ആദ്യന്തം നിലകൊണ്ട കവിയും ചങ്ങമ്പുഴ തന്നെ. ചങ്ങമ്പുഴയുടെ സ്വാധീനത്തില്‍ നിന്ന് വയലാര്‍ ആര്‍ജ്ജിച്ചെടുത്തത് ലളിതകോമളമായ പദാവലിയും സുഖശ്രലയമായ വൃത്തസംഗീതവും മാത്രമല്ല, വ്യക്തികേന്ദ്രീകൃതമായ റൊമാന്റിക് പ്രവണത സ്വന്തം കവിതയിലേക്ക് ആവാഹിക്കുവാനും ഈ സ്വാധീനം കാരണമായിത്തീര്‍ന്നു.
ഭൗതികത്തിന്റെ പാളയത്തിലായിരുന്നപ്പോഴും റൊമാന്റിക് ഭാവനയുടെ ചങ്ങാത്തം ഉപേക്ഷിക്കാന്‍ വയലാര്‍ രാമവര്‍മ്മ മുതിര്‍ന്നില്ല. ഇങ്ങനെ വിരുദ്ധങ്ങളായ രണ്ടുധ്രുവങ്ങള്‍ക്കിടയില്‍ സംഭവിച്ച ഒരുതരം പിരിമുറുക്കമാണ് വയലാറിന്റെ കവിത എന്നുതന്നെ പറയാം. കഥാപ്രസംഗകലയിലെ വിസ്മയമായി സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേക്ക് ജൈത്രപ്രയാണം നടത്തിയ ‘ആയിഷ’ എന്ന ദീര്‍ഘകവിതയും ‘തറവാടിന്റെ മാനം”ഒരുദൈവം കൂടി’,’കുചേലന്‍ കുഞ്ഞന്‍ നായര്‍’ ‘ഇത്താപ്പിരി’,’അരക്കില്ലം’മുതലായ മറ്റ് ഒട്ടേറെ കവിതയും മൂര്‍ത്തജീവിത ചിത്രത്തില്‍ വയലാറിനുളള കൃതഹസ്തതയ്ക്ക് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
‘കൊന്തയും പൂണൂലും’ എന്ന കവിതാസമാഹാരം കൃസ്തുമതത്തിലും ഹിന്ദുമതത്തിലുമുള്ള അന്ധവിശ്വാസങ്ങളേയും മതസംഘടനകളിലെ കാപട്യങ്ങളേയും മതാചാര്യന്മാരുടെ പുണ്യനാട്യങ്ങളേയും വാചാലമായും വീറോടെയും തന്റെ പലകവിതകളിലും വയലാര്‍ ആക്ഷേപിച്ചിട്ടുണ്ട്.
1961ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതാസമാഹാരമായ സര്‍ഗ്ഗസംഗീതത്തിന് ലഭിക്കുകയുണ്ടായി. ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ഫിലിം അവാര്‍ഡ് മൂന്നുതവണ നേടി. ഏറ്റവും നല്ല ഗാനരചനയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ 1974 ല്‍ ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.
1975 ഒക്ടോബര്‍ 27ന് അദ്ദേഹം അന്തരിച്ചു. ചെക്കുണ്ട പുത്തന്‍ കോവിലകത്ത് ഭാരതി തമ്പുരാട്ടിയായിരുന്നു ഭാര്യ. ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കള്‍.
‘കാലമാണവിശ്രമം
പായുമെന്നശ്വം; സ്‌നേഹ
ജ്വാലയാണെന്നില്‍ക്കാണും
ചൈതന്യം സനാതനം….’എന്ന വയലാറിന്റെ ആത്മാവ് കയ്യൊപ്പു ചാര്‍ത്തിയ ആ വരികളുണ്ടല്ലോ, അവ ചങ്ങമ്പുഴയുടേതില്‍ നിന്ന് ഭിന്നമായ ആശാഭരിതമായ ഒരു സ്‌നേഹ ദര്‍ശനത്തിന്റേയും അദമ്യമായ പരിവര്‍ത്തനദാഹത്തിന്റേയും ഭാവദീപ്തി വയലാര്‍ കവിതകളുടെ അന്തരംഗത്തെ തിളപ്പിക്കുന്നുണ്ട്. ഏതു തത്വശാസ്ത്രമായാലും അത് നോവുമാത്മാവിനെ സ്‌നേഹിക്കുന്നിടത്തു വെച്ചു മാത്രമേ സ്‌നേഹാര്‍ഹമാകുന്നുള്ളൂ എന്ന്, തന്നെ സ്വാധീനിച്ച തത്വശാസ്ത്രത്തെപ്പോലും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയാണുണ്ടായത്. ഒരു താക്കീതിന്റെ സ്വരമതിലുണ്ടെന്നതും അവഗണിക്കേണ്ടതില്ല. തനിക്കും ജീവിതത്തിനും തമ്മിലും, തനിക്കും മാനുഷ്യകത്തിനും തമ്മിലുള്ള ബന്ധമെന്തെന്നറിയാതെ വയലാര്‍ ഒരിക്കലും ഇരുട്ടിലുഴഞ്ഞിട്ടില്ല. താന്‍ എവിടെ നില്‍ക്കുന്നുവെന്നും എവിടെ നില്‍ക്കണമെന്നും ക്രാന്തദര്‍ശിയായ ഈ കവിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആത്യന്തികമായി മനുഷ്യപക്ഷത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികള്‍ നിരാലംബരായ മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യമാണ്. സ്‌നേഹത്തിന്റെ അവാച്യമായ നിദര്‍ശനമാണ്. തന്റെ എഴുത്തും ജീവിതവും ഇത്രമാത്രം ദീപ്തമാക്കിയ മറ്റൊരു കവിയെ മലയാളക്കരയില്‍ കാണുകയില്ല. കാലത്തിന്റെ വരദായിനിയാണ് അദ്ദേഹം. മലയാളത്തിന്റെ അര്‍ക്കപൗര്‍ണ്ണമിയും. സ്‌നേഹത്തിന്റെ അഭൗമ വിരേചതാവും.
‘കപടലോകത്തിലാല്‍മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം…’എന്നു വിലപിച്ച ഒരു കവിമാത്രമേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. അത് സാക്ഷാല്‍ വയലാര്‍ തന്നെയാണ്. വയലാറിന്റെ മാനവവീക്ഷണത്തിന്റെ നേരും നെരിപ്പോടും അളക്കാന്‍ വേറൊരു മാനകവും വേണ്ടതില്ല. ഈ ഈരടികള്‍ തന്നെയാണ് വയലാര്‍ സത്യാര്‍പ്പണം പോലെ മലയാളഭാഷയ്ക്കു നല്‍കിയ കവിതാ മുക്തകവും. സ്‌നേഹദീപ്തമായ അക്ഷരത്തിരി നാളം മലയാളക്കരയ്ക്കു നല്‍കിയ കാവ്യപുംഗവാ പ്രണാമം….