കാസര്‍കോട്: നഗര ഹൃദയഭാഗമായ എം.ജി.റോഡില്‍ നടന്നുവരുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തി വളരെ മന്ദഗതിയിലാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് കടന്നുവരാന്‍ പറ്റാത്തവിധം ദിവസങ്ങളോളം പലകയടിച്ച് കോണ്‍ക്രീറ്റ് ചെയ്യാതെ നിര്‍ത്തിവെച്ചതായിട്ടാണ് കാണുന്നത്. ഇത് വ്യാപാരികളുടെ പരാതിക്ക് കാരണമാവുന്നു. ആവശ്യത്തിന് തൊഴിലാളികളില്ലാതെ വിരലിലെണ്ണാവുന്ന തൊഴിലാളികളെ വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്. ചെയ്തിടത്തോളമുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അതൃപ്തിയാണ് വ്യാപാരികള്‍ക്കുള്ളത്. മൂന്ന് മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഒരു വര്‍ഷമെടുത്താലും പൂര്‍ത്തീകരിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി എന്നിവര്‍ പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.