കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ നീലേശ്വരം മാര്‍ക്കറ്റിന് സമീപത്ത് വാനരന്‍മാരുടെ അഭ്യാസപ്രകടനം കാഴ്ചയായി. പാതയില്‍ കുറുകെ കെട്ടിയ സ്വകാര്യ കമ്പനിയുടെ കേബിളിന്‍ തൂങ്ങി വാനരന്‍ മറു ഭാഗത്തെത്താന്‍ പെട്ട സാഹസമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. റോഡ് മുറിച്ചുകടക്കാന്‍ ഏറെ നേരം ശ്രമിച്ചെങ്കിലും വാഹനങ്ങളുടെ ഇടതടവില്ലാത്ത ഓട്ടം ഭയപ്പാടുണ്ടാക്കി. പല തവണ റോഡിന്റെ പകുതി വരെയെത്തി തിരിച്ചുവരേണ്ടി വന്നു. ഗത്യന്തരമില്ലാതെ സമീപത്തെ കെട്ടിടത്തിനു മുകളില്‍ വലിഞ്ഞുകയറി റോഡിനു കുറുകെ കെട്ടിയ കേബിള്‍ വഴി എതിര്‍വശത്തേക്ക് എത്തി കെട്ടിടത്തിനു മുകളില്‍ കയറി. അല്‍പ്പസമയത്തിന് ശേഷം പിന്നാലെ മറ്റൊരു വാനരനും എത്തി. കാക്കകള്‍ വട്ടമിട്ടു പറന്നു. ഇവരുടെ പിന്നാലെ കൂടിയതോടെ അവയില്‍ നിന്നും രക്ഷപ്പെട്ട് കെട്ടിടത്തിനു പിന്നില്‍ അഭയം തേടി. കാഴ്ച കാണാന്‍ നിരവധിയാളുകളാണുണ്ടായിരുന്നത്.