എളിമയും ലാളിത്യവും കൊണ്ട് ജനമനസുകള്‍ കീഴടക്കിയ യശ:ശരീരനായ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖിനെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അനാരോഗ്യം വകവെക്കാതെയും ജനസേവനം ചെയ്തും മഞ്ചേശ്വരത്തിന്റെ വികസനം സാധ്യമാക്കിയ അദ്ദേഹത്തിന്റെ ഒന്നാം ഓര്‍മ്മ ദിവസമാണിന്ന്. ജനങ്ങളൊടൊപ്പം ജീവിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട റദ്ദുച്ചയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന്റെ തലേന്നാള്‍ എന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്.
ഒരു പൊതു പ്രവര്‍ത്തകന് റദ്ദുച്ചയുടെ ജീവിതം പാഠപുസ്തകമാണ്. മറ്റൊരു മാനിഫെസ്റ്റോവിലും തത്വശാസ്ത്രത്തിലും കാണാനും വായിക്കാനും കഴിയാത്ത അത്യാകര്‍ഷകമായ അധ്യായങ്ങളടങ്ങിയ പാഠപുസ്തകം. ഔപചാരിക വിദ്യാഭ്യാസമല്ല ജനങ്ങള്‍ക്കൊപ്പമുള്ള ജീവിതമെന്നു തെളിയിച്ച അസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത.
പല വേദികളിലും തന്റെ വിദ്യാഭ്യാസയോഗ്യതയെകുറിച്ച് എത്ര സരസമായിട്ടായിരുന്നു അദ്ദേഹം നമ്മോട് സംസാരിച്ചത്. എനിക്ക് വിദ്യാഭ്യാസമില്ല. എന്നാല്‍ അഭ്യാസം അറിയാം എന്ന് സഹസാമാജികരുടെ കൂട്ടച്ചിരികള്‍ക്കിടയില്‍ നിയമസഭയില്‍ പോലും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത പച്ചയായ ഒരു മനുഷ്യന്റെ നിഷ്‌കളങ്കഭാവമാണ് അത് പ്രകടമാക്കുന്നത്. എന്റെ വിദ്യാഭ്യാസ യോഗ്യത എല്‍.പി. (ലോക പരിചയം)യാണെന്ന് പറഞ്ഞ സീതിഹാജിയേയാണ് ഇത്തരുണത്തില്‍ നാം ഓര്‍ക്കുന്നത്.
വായനയും അറിവും പാണ്ഡിത്യവും പ്രസംഗ പാടവവും നിയമമീംമാമ്‌സയും ഉണ്ടെങ്കിലേ ഒരു നിയമസഭാസാമാജികന് നിലനില്‍പ്പുള്ളൂ എന്ന ധാരണ അനിതസാധാരണമായ തന്റെ പ്രവര്‍ത്തന ശൈലിയിലൂടെ തിരുത്താന്‍ പി.ബി. അബ്ദുല്‍ റസാഖിന് കഴിഞ്ഞു. സാധാരണ ജനങ്ങളുടെ മനസ് വായിക്കാന്‍ കഴിയുന്നതാണ് പാണ്ഡിത്യമെന്ന് വിശ്വസിച്ച അദ്ദേഹത്തെ ആ പാണ്ഡിത്യത്തില്‍ പിറകിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജനങ്ങളേറെ കൊതിച്ച വികസനങ്ങളത്രയും മഞ്ചേശ്വരത്തെത്തിക്കാന്‍ അദ്ദേഹത്തിന് തുണയായതും ആ പാണ്ഡിത്യം തന്നെ. കാര്‍ക്കശ്യവും രോഷവും മാറ്റി നിര്‍ത്തി സൗമ്യത മുഖമുദ്രയാക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കേണ്ട കാലമാണിത്. ഉയരങ്ങളിലെത്തുന്തോറും കൂടുതല്‍ വിനയം കാട്ടാന്‍ ഒരു ജനപ്രതിനിധിക്ക് കഴിയണം. അപ്പോഴാണ് സാധാരണക്കാരും അധികാരികളും ആ ജനപ്രതിനിധിയെ സ്‌നേഹവും ബഹുമാനവും കൊണ്ട് വാരിപ്പുണരുന്നത്. ഇത് സാധിച്ച അപൂര്‍വ്വം ജനപ്രതിനിധികളില്‍ ഒരാളായിരുന്നു പി.ബി. അബ്ദുല്‍ റസാഖ്. ഈ സവിശേഷത അദ്ദേഹത്തിനുണ്ടായിരുന്നത് കൊണ്ട് ഏതാവശ്യവുമായി ചെന്നാലും നോ പറയാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
പി.ബി. അബ്ദുല്‍ റസാഖ് എന്ന നല്ല മനസ്സിന്റെ ഉടമയുടെ മനുഷ്യത്വവും ദയാവായ്പും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ജീവിതത്തില്‍ ഒരു മണിക്കൂറെങ്കിലും ഒന്നിച്ചു യാത്ര ചെയ്താലേ ഏതൊരു വ്യക്തിയുടെയും സ്വഭാവ ഗുണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പറയാറുണ്ട്. അല്ലാതെ പ്രത്യക്ഷത്തില്‍ കാണുന്ന ചിരിയും സംസാരവും ഒരാളുടെ നന്മയുടെ അളവ്‌കോലല്ല. എട്ടുവര്‍ഷം ഒന്നിച്ചു യാത്രചെയ്യുകയും ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത സഹപ്രവര്‍ത്തകരാണ് ഞങ്ങള്‍. നെഞ്ചത്ത് കൈവെച്ച് ഞാന്‍ പറയുന്നു, മാന്യതയുടെ പൂര്‍ണ്ണരൂപമാണ് പി.ബി. അബ്ദുല്‍ റസാഖ്. നിയമസഭയിലെ സിറ്റിംഗ് അക്ഷരമാല ക്രമത്തിലായതിനാല്‍ ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളിലും സഭയ്ക്കകത്തും പുറത്തും ഒന്നിച്ചു ഞങ്ങള്‍ കഴിഞ്ഞു. ഈ ഒരുമ കണ്ടിട്ടാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഞങ്ങള്‍ക്ക് ഇരട്ടകള്‍ എന്ന പേരു നല്‍കിയത്.
പി.ബി.അബ്ദുല്‍ റസാഖ് ഇല്ലാത്ത ഒരു വര്‍ഷം അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒരുപാട് വേദന അനുഭവിച്ചു. ഒരേ വികാരത്തോടെയും വിചാരത്തോടെയും നടന്നു നീങ്ങിയ ഇരട്ട സഹോദരന്മാരില്‍ ഒരാള്‍ പൊടുന്നനെ തിരോധാനം ചെയ്താല്‍ മറ്റേ സഹോദരനുണ്ടാകുന്ന അസഹനീയമായ ജീവിത പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. ആ വിഷമം എപ്പോള്‍ തീരുമെന്നെനിക്കറിയില്ല. പ്രിയപ്പെട്ട റദ്ദു സാഹിബ്, ഈ വിഷമം തീരുവതിനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ മാത്രം.