കാസര്‍കോട്: ചികിത്സക്കായി ആസ്പത്രിയിലേക്ക് പോയ കാന്‍സര്‍ ബാധിതന്റെ പൂട്ടിയിട്ട വീടിന് തീയിട്ടു. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ പാലോത്ത് ശിഹാബിന്റെ വീടാണ് അഗ്നിക്കിരയാക്കിയത്. കീമോ തെറാപ്പി ചെയ്യാനായി വെള്ളിയാഴ്ച ശിഹാബ് കുടുംബസമേതം വീടുപൂട്ടി മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോയതാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന് തീവെച്ചതായി കണ്ടത്. കട്ടില്‍, കിടക്ക, വസ്ത്രം മുതലായവയും വിലപ്പെട്ട രേഖകളും അടക്കം മുഴുവന്‍ സാധനങ്ങളും കത്തിച്ചാമ്പലായി. കിടപ്പുമുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. ശിഹാബിന്റെ ചികിത്സക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നേ മുക്കാല്‍ ലക്ഷം രൂപ മോഷണം പോയിട്ടുണ്ട്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ എടുത്ത് പുറത്തുവെച്ച ശേഷമായിരുന്നു തീവെപ്പും മോഷണവും.
വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ അടച്ച നിലയിലായിരുന്നു. സംഭവത്തില്‍ വിദ്യാനഗര്‍ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു.