കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച്ച ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറില്‍ കണ്ട പട്‌ളയിലെ താമസക്കാരന്‍ ഷൈന്‍ കുമാര്‍ എന്ന ഷാനവാസിന്റെ (27) മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹത്തിന് ആഴ്ച്ചകളുടെ പഴക്കമുണ്ടായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം അഴുകിയതിനാല്‍ പുറത്തെടുക്കുമ്പോള്‍ തല വേര്‍പ്പെട്ട് കിണറ്റിലെ ചെളിയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച ശേഷം തല പുറത്തെടുക്കുകയായിരുന്നു. കിണറിന് സമീപത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ ഷാനവാസിന്റെ കൂളിംഗ് ഗ്ലാസും മാലയും പൊട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു.
അതേ സമയം യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.