കാസര്‍കോട്: മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയം കരസ്ഥമാക്കിയപ്പോള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും എല്‍.ഡി.എഫും നേരിട്ടത് കനത്ത ആഘാതം. ബി.ജെ.പിക്കും എല്‍.ഡി.എഫിനും ഒട്ടും ആശ്വാസം നല്‍കുന്നതല്ല ഉപതിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 65,407 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാറിന് 57,484 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍റൈക്ക് 38,233 വോട്ടുമാണ് ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2016ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.ബി അബ്ദുല്‍റസാഖിന് 56,870 വോട്ടും എല്‍.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടും ബി.ജെ.പിയിലെ കെ. സുരേന്ദ്രന് 56,781 വോട്ടുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ബി അബ്ദുല്‍റസാഖിന് ലഭിച്ച വോട്ടിനെക്കാള്‍ 8537 അധികം വോട്ടാണ് ഖമറുദ്ദീന് ലഭിച്ചത്. കെ. സുരേന്ദ്രന് ലഭിച്ചതിനെക്കാള്‍ 703 വോട്ടുകള്‍ ഇത്തവണ തന്ത്രിക്ക് കിട്ടി. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.എച്ച് കുഞ്ഞമ്പുവിന് ലഭിച്ചതിനെ അപേക്ഷിച്ച് ഇക്കുറി ശങ്കര്‍റൈക്ക് 4332 വോട്ടിന്റെ കുറവ് വന്നു. എല്‍.ഡി.എഫിന്റെ ഇത്രയും വോട്ടുകള്‍ എവിടെപ്പോയെന്ന അണികളുടെ ചോദ്യമാണ് നേതൃത്വം നേരിടുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിനോട് 89 വോട്ടിന്റെ കുറവിനാണ് ബി.ജെ.പി പരാജയപ്പെട്ടിരുന്നത്. അതായത് ബി.ജെ.പി വിജയത്തോടടുത്തിരുന്നു. എന്നാല്‍ ഇക്കുറിയും രണ്ടാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ കുറച്ചുവോട്ടുകള്‍ കൂടിയത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നില്ല. പരാജയത്തിന്റെ പേരില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ പഴിചാരിതുടങ്ങിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ നാലായിരത്തില്‍ പരം വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചുനല്‍കിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ബി.ജെ.പിയുമായുള്ള രഹസ്യധാരണയിലാണ് യു.ഡി.എഫ് മികച്ച വിജയം നേടിയതെന്ന് എല്‍.ഡി.എഫും കുറ്റപ്പെടുത്തുന്നു. എം.സി ഖമറുദ്ദീന്‍ നേടിയ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേരിയ വിജയം നേടിയ മുസ്ലിം ലീഗ് ഇത്തവണ വന്‍ഭൂരിപക്ഷം നേടി സ്വാധീനം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ ലീഗിലുണ്ടായിരുന്നെങ്കിലും എം.സി ഖമറുദ്ദീന്റെ വിജയത്തെ ബാധിക്കുന്ന ഘടകമായി അത് മാറിയില്ല. മണ്ഡലത്തിന് പുറത്തുള്ള രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിക്കകത്തും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് തിരിച്ചടിക്ക് കാരണമായോ എന്ന് ബി.ജെ.പി പരിശോധിക്കും. എല്‍.ഡി.എഫിന്റെ വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടായത് ആ മുന്നണിയും ഗൗരവത്തിലെടുത്തിട്ടുണ്ട്. വലിയ അടിയൊഴുക്കാണ് എല്‍.ഡി.എഫിലുണ്ടായിരിക്കുന്നത്. പ്രചാരണത്തില്‍ യു.ഡി.എഫിനൊപ്പമായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ ഈ ആവേശം എല്‍.ഡി.എഫിന് കാര്യമായ ഗുണം ചെയ്തതുമില്ല.