കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ അഞ്ജലി, കാഞ്ഞിരോട് ശ്രീലയത്തില്‍ സതീശന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ആദിത്യ എന്നിവരെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടിരുന്നത്.
ശനിയാഴ്ച ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് അഞ്ജലിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ആത്മഹത്യക്ക് കാരണക്കാരായ സഹപാഠികളുടെ പേര് വിവരം വെളിപ്പെടുത്തിയ കത്ത് മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സഹപാഠികളുടെ കളിയാക്കലില്‍ മനംനൊന്താണ് രണ്ട് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. നിസാര കാരണത്തിന്റെ പേരിലായിരുന്നു കളിയാക്കല്‍. എന്നാല്‍ പെണ്‍കുട്ടികളില്‍ ഇത് മാനസികാഘാതം സൃഷ്ടിച്ചു. ചില വാട്സ് ആപ് ചാറ്റിംഗുകളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഇത് കാരണമല്ലെന്നാണ് പൊലീസ് പറയുന്നത്.