കാസര്‍കോട്: ബാര്‍ബര്‍ ഷോപ്പുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലേയും മുടിമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്ന പദ്ധതി ഇനി കാസര്‍കോട് ജില്ലയിലും. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ തിരൂരങ്ങാടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോബ് കമ്പനിയാണ് മുടിമാലിന്യം ജൈവ വളമാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ 1000 ഓളം ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലേയും മുടി മാലിന്യങ്ങള്‍ കമ്പനിക്ക് നല്‍കും. മുടിമാലിന്യം പ്ലാന്റില്‍ ചൂടാക്കി 10 മിനിറ്റിനുള്ളില്‍ അമിനോ ആസിഡും പൗഡറുമാക്കിയാണ് ജൈവവള രൂപത്തിലാക്കുക. ചെടികളുടെ വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്ന അമിനോ ആസിഡ് തളിക്കുകയോ പൗഡര്‍ ചെടികളുടെ ചുവട്ടില്‍ വിതറുകയോ ചെയ്യാം.
സാങ്കേതിക വിദ്യാപ്രകാരം തയ്യാറാക്കിയ ഒരു റിയാക്ഷന്‍ ചേമ്പറില്‍ നിന്ന് ഒരു ടണ്‍ മുടിമാലിന്യങ്ങള്‍ 10 മിനിട്ടിനുള്ളില്‍ യാതൊരു ദുര്‍ഗന്ധവുമില്ലാതെ സസ്യവളര്‍ച്ചക്ക് ഉത്തേജകമായ ഉല്‍പന്നമാക്കി ദ്രാവക രൂപത്തിലോ പൗഡര്‍ രൂപത്തിലോ മാറ്റാന്‍ കഴിയുമെന്ന് പി.എസ്.എം.ഒ കോളേജ് പ്രൊജക്ട് സയന്റിസ്റ്റും കമ്പനി അഡൈ്വസറുമായ ഡോ. അബ്ദുല്‍ കരീം പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, തളിപ്പറമ്പ് ബ്ലോക്കുകളിലേയും വടകര മുനിസിപ്പാലിറ്റിയിലേയും മുടിമാലിന്യങ്ങള്‍ ശേഖരിക്കാമെന്ന ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. മറ്റ് ചില ജില്ലകളില്‍ നിന്നും മുടി മാലിന്യം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ ജൈവവളം മാര്‍ക്കറ്റില്‍ ഇറക്കും.
കമ്പനിക്ക് മുടിമാലിന്യം നല്‍കുന്നതുവഴി സംസ്‌കരിക്കുക എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് കേരളാ സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടിഷന്‍ ജില്ലാ സെക്രട്ടറി ആര്‍. രമേശന്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് മുടിമാലിന്യങ്ങള്‍ നല്‍കാമെന്ന ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. കമ്പനി ഡയറക്ടര്‍ നാസര്‍ നെയ്യേന്‍ കൊണ്ടോട്ടി, കെ.എസ്.ബി.ബി ഭാരവാഹികളായ എം.പി നാരായണന്‍, കെ. ഗോപി, ആര്‍. നടരാജ്, യു.പി കുമാരന്‍, എം. ഗോപി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.