മംഗളൂരു: മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വാര്‍ത്താചാനലില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ഡി.വൈ.എസ്.പി എം.കെ ഗണപതി പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷം സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 262 പേജുകളുള്ള കുറ്റപത്രമാണ് നല്‍കിയിരിക്കുന്നത്. സി.ബി.ഐ ചെന്നൈ ഡി.വൈ.എസ്.പി രവി, സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടര്‍ സുബോദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം നല്‍കിയത്. മടിക്കേരി കുശാല്‍നഗര്‍ നഞ്ചാരായപട്ടണ സ്വദേശിയായ എം.കെ ഗണപതിയെ മംഗളൂരു ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2016 ജൂലൈ ഏഴിനാണ് മടിക്കേരിയിലെ വിനായക ലോഡ്ജ് മുറിയില്‍ സംശയസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് സംസ്ഥാന സി.ഒ.ഡി അന്വേഷിച്ചെങ്കിലും ശരിയായ രീതിയിലല്ല അന്വേഷണമെന്ന് ചൂണ്ടിക്കാട്ടി കുടുംബം സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ഇതോടെ കോടതി സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടു. സി.ബ.ിഐ അന്വേഷണം സംസ്ഥാന സി.ഒ.ഡിയില്‍ നിന്ന് ഏറ്റെടുത്ത് വിശദമായ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസികപീഡനങ്ങളെ തുടര്‍ന്ന് ഗണപതി അതീവ ദുഖിതനായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ സി.ബി.ഐക്ക് മൊഴി നല്‍കിയത്. മഡിവാല ബംഗളൂരു പൊലീസ് സ്റ്റേഷനില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ ഡ്യൂട്ടി ഒഴിവാക്കിയെന്നാരോപിച്ച് ഗണപതിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ആഭ്യന്തരവകുപ്പിലെ തെറ്റായ പ്രവണതകളെ ശക്തമായി എതിര്‍ത്ത പൊലീസുദ്യോഗസ്ഥനായിരുന്നു ഗണപതി.
2016 ജൂലൈ ഏഴിന് മംഗളൂരുവില്‍ നിന്ന് മടിക്കേരിയിലെത്തിയ ഗണപതി അവിടെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുക്കുകയും തുടര്‍ന്ന് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍, എ.ഡി.ജി.പി എ.എം പ്രസാദ്, രഹസ്യാന്വേഷണ വിഭാഗത്തിലെ എ.ഡി.ജി.പി പ്രണവ് മൊഹന്തി എന്നിവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് അദ്ദേഹത്തെ മടിക്കേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.