കാഞ്ഞങ്ങാട്: ഇങ്ങനെയും ഒരു നാട്ടുകാരോ? ഞാന്‍ ഇവിടെ വന്നിറങ്ങിയപ്പോള്‍ മഴ പെയ്തതിന് ഒരു സംഘാടകന്‍ എന്നോട് മാപ്പ് പറഞ്ഞു. മഴ പെയ്തതിന് മാപ്പ് പറയുന്ന ഒരാളെ ഞാന്‍ ആദ്യമായി കാണുകയാണ്. ഞങ്ങള്‍ക്കൊക്കെ ബുദ്ധിമുട്ടായിപ്പോയോ എന്ന മട്ടില്‍ വല്ലാത്തൊരു ഖേദത്തോടെ മഴ പെയ്തതിന് ഒരു സംഘാടകന്‍ മാപ്പ് പറയണമെങ്കില്‍ അതിന് വലിയൊരു മനസ് വേണം. കാഞ്ഞങ്ങാട്ട് വന്നിറങ്ങിയത് മുതല്‍ ഈ നാടിന്റെ നൈര്‍മല്യം ഞാന്‍ അനുഭവിക്കുകയാണ്- സമാപന വേദിയില്‍ നടന്‍ രമേശ് പിഷാരടി പറഞ്ഞ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ഹൃദയം നിറഞ്ഞു. ഇത്രയധികം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നടന്ന കലോത്സവം ഈ നാടിന്റെ കലാ ഹൃദയമാണ് വെളിപ്പെടുത്തുന്നത്. കലോത്സവത്തിന് എത്തിയ ഇത്രയും അധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ലോഡ്ജുകളോ ഹോട്ടലുകളോ ഒന്നും ഇവിടെ ഇല്ലാതിരുന്നിട്ടും ഇവരെ ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ കാണിച്ച വലിയ മനസ് കൊണ്ടാണ് കലോത്സവം ഗംഭീരമായതെന്നും പിഷാരടി പറഞ്ഞു.