കാസര്‍കോട്: പഴയകാല പ്രമുഖ നാടക നടനും കാസര്‍കോട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി. അന്ത(94)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പ്രശസ്തമായ അന്താസ് ബുക്ക് സ്റ്റാള്‍ സ്ഥാപകനാണ്. ദീര്‍ഘ കാലം തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഴയകാല ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ താരം കൂടിയാണ്.
1970കളിലും ’80 കളിലും കാസര്‍കോട്ടെയും ദക്ഷിണ കന്നഡയിലേയും നാടക വേദികളില്‍ നിറഞ്ഞുനിന്ന നടനായിരുന്നു ടി.പി. അന്ത. 200 ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും കന്നഡ നാടകങ്ങളാണ്. കാസര്‍കോട്ടെ ലളിതകലാസദനം ഓഡിറ്റോറിയം സജീവമാക്കിയവരുടെ മുന്‍ നിരയില്‍ ടി.പി. അന്തയും ഉണ്ടായിരുന്നു.
1968ലെ ആദ്യത്തെ നഗരസഭാ കൗണ്‍സിലിലേക്ക് തെരുവത്ത് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, നഗരസഭാ ചെയര്‍മാനായിരുന്ന എം. രാമണ്ണ റൈയോടൊപ്പം ഏതാനും വര്‍ഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1979ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും 1988ല്‍ നഗരസഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തെരുവത്ത് പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സഹോദരി പുത്രന്‍ സിക്കന്തറിന്റെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധി പേരെത്തിയിരുന്നു.
ഭാര്യ: ആച്ചിബി. മക്കള്‍: സുരയ്യ, അക്ബര്‍ (ഖത്തര്‍), അസ്‌ലം, അക്രം (ഇരുവരും ദുബായ്), റുക്‌സാന, ഷബാന. മരുമക്കള്‍: നജീബ് തളങ്കര പടിഞ്ഞാര്‍, ഷെരീഫ് നെല്ലിക്കുന്ന്(ദുബായ്), റസാഖ് ഉപ്പള (മസ്‌ക്കറ്റ്), ഷബാന, സൈനബ. സഹോദരങ്ങള്‍: പരേതനായ അഡ്വ. ടി.പി. ഹുസൈന്‍, പരേതയായ റുഖിയ, സൗദ.