ചെര്‍ക്കള: വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ദേശീയ പാതയില്‍ നിയന്ത്രണം വിടുകയും വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിയുകയും ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ട് തെക്കില്‍ അമ്പട്ടക്കടുത്താണ് അപകടമുണ്ടായത്. സീതാംഗോളിയില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം തളിപ്പറമ്പിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം തെക്കില്‍ ഗവ.യു.പി സ്‌കൂളിലേക്ക് പോകുന്ന റോഡിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബം നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൈലാട്ടി സബ് സ്റ്റേഷനില്‍ നിന്ന് തെക്കില്‍ ഫീഡറിലേക്കുള്ള 11 കെ.വി ലൈനിലെ തൂണാണ് കാറിടിച്ച് തകര്‍ന്നത്. വൈദ്യുതി തൂണ്‍ ചട്ടഞ്ചാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ മാറ്റുകയും പുതിയ തൂണ്‍ സ്ഥാപിച്ച് ഫീഡറില്‍ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.