പ്രകൃതി സ്‌നേഹികളെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ ആര്‍.കെ.നായരെന്ന പ്രകൃതി സ്‌നേഹിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം തികച്ചും വിഭിന്നമാണ്. പ്രകൃതിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ലോകം മുഴുവന്‍ ഹരിതാഭ പടര്‍ത്താനുള്ള സ്വപ്‌നങ്ങളുമായി നീങ്ങുന്ന ഒരാള്‍. തന്റെ കര്‍മ്മമേഖലയായി വരണ്ട പ്രദേശങ്ങളെ പോലും തെരഞ്ഞെടുത്ത് വൃക്ഷ തൈകള്‍ നട്ട് നനച്ച് വളര്‍ത്തി വനങ്ങളാക്കി മാറ്റി ആസ്വദിക്കുകയാണ് ആര്‍.കെ. നായര്‍.
പെരിയ കുഞ്ഞമ്പു നായരുടേയും ബദിയടുക്ക മുനിയൂറിലെ പുല്ലായ്‌കൊടി കമലാക്ഷിയുടേയും മകനായി 1971 ജൂണ്‍ ഒന്നിനാണ് പുല്ലായ്‌ക്കൊടി രാധാകൃഷ്ണന്‍ നായരെന്ന ആര്‍.കെ.നായര്‍ ജനിച്ചത്. അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോള്‍ പെരിയയില്‍ നിന്നും കുടുംബസമേതം സുള്ള്യ ജാല്‍സൂരിലുള്ള കെമനബള്ളിയിലേക്ക് താമസം മാറി. അവിടെയുള്ള പെര്‍ണാജെ സീതാരാഘവ പ്രൗഡശാലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും സുള്ള്യ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജില്‍ ഹയര്‍ സെക്കണ്ടറിവരെയും പഠിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്ത് തന്റെ ചിലവിനുള്ള പണം കണ്ടെത്താന്‍ വീടിനടുത്തുള്ള ബ്രാഹ്മണരുടെ തോട്ടങ്ങളില്‍ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്.
പിന്നീട് ജോലി തേടി 1989 ല്‍ മുബൈയ്ക്കു പോയി. അമ്മ നല്‍കിയ അഞ്ഞൂറു രൂപയുമായി കനറ പിന്റോ ട്രാവല്‍സില്‍ കയറി. കുര്‍ള ബുര്‍ഹാനി മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായി. തുടര്‍ന്ന് ചെമ്പൂര്‍ വിജയലക്ഷ്മി ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്ത്, പിന്നീട് മാനേജരായി. അതിനു ശേഷമാണ് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നത്. അതിലേക്കു വേണ്ട പ്രാഥമിക അറിവായ ടൈലറിംഗ് പഠിച്ചാണ് തുടക്കം. അധികം വൈകാതെ മുബൈയിലെ മെട്രോ ഗാര്‍മെന്റ്‌സ് മാനേജരായി.
1999 ല്‍ റൈറ്റ് ചോയ്‌സ് എക്‌സ്‌പോര്‍ട്ട്‌സ് കമ്പനിയില്‍ മാനേജരായി എത്തിയതോടെയാണ് തന്റെ വളര്‍ച്ചയുടെ തുടക്കമെന്ന് അദ്ദേഹം പറയുന്നു. 18 തയ്യല്‍ യന്ത്രത്തില്‍ തുടങ്ങിയ സ്ഥാപനം 10 വര്‍ഷം കൊണ്ട് നാല് ഫാക്ടറികളിലായി 400 യന്ത്രത്തിലേക്ക് അദ്ദേഹം വളര്‍ത്തിയെടുത്തു. 2009 ല്‍ സ്വന്തമായൊരു സ്ഥാപനം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി.
ആഗ്രഹമറിയിച്ചപ്പോള്‍ റൈറ്റ് ചോയ്‌സ് ഉടമ അഭിഷേക് പോട്ടാര്‍ 20 തയ്യല്‍ യന്ത്രങ്ങള്‍ സൗജന്യമായി നല്‍കി. ഇന്ന് മൂന്ന് ഫാക്ടറികളിലായി 400 തയ്യല്‍ യന്ത്രങ്ങളുള്ള കമ്പനിയായി അത് വളര്‍ന്നിരിക്കുന്നു. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍.കെ.നായര്‍ നടത്തിവരുന്നു. അദ്ദേഹത്തിന്റെ ഫാക്ടറിയിലെ 470 തൊഴിലാളികളില്‍ 45 ശതമാനവും ആദിവാസികളാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ ജവാര്‍, മൊഖഡാ, വിക്രംഘഡ്, തലാസരി, ഭഹാജ, ഗുജറാത്തിലെ സറോലി, നാര്‍ഗോള്‍, തെഹരി, കറമ്പിലി, സെറെഗാവ് എന്നിവിടങ്ങളിലെ ആദിവാസികളാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇതിനു വേണ്ടി ആദിവാസികളുടെ കോളനികള്‍ കേന്ദ്രീകരിച്ച് സൗജന്യ തയ്യല്‍ പരിശീലനം സംഘടിപ്പിക്കും. 20 തയ്യല്‍ മെഷീനുകള്‍ ഇതിനായി മാറ്റിവെക്കും. ഏകദേശം 16,000 ആദിവാസികള്‍ ഇങ്ങനെ തയ്യല്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആദിവാസികള്‍ക്ക് മാന്യമായ തൊഴിലും വേതനവും ഉടമകള്‍ക്ക് മികച്ച തൊഴിലാളികളും ഉല്‍പ്പന്നങ്ങളും എളുപ്പം ലഭിക്കാന്‍ ഈ രീതി ഗുണം ചെയ്യുന്നതായി അദ്ദേഹം അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. തൊഴില്‍, ചൂഷണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ജോലി വീതിച്ച് നല്‍കുകയാണ് ചെയ്യാറ്. പീസ് റേറ്റ് വെച്ചാണ് ജോലി ഏല്‍പ്പിക്കുന്നത്. അതുകൊണ്ട് എടുക്കുന്ന പണിയനുസരിച്ചുള്ള വേതനം ഉറപ്പാക്കുന്നു. കുടിലുകളില്‍ കഴിയുന്ന പട്ടിണി പാവങ്ങളായ ആദിവാസികളുടെ ജീവിതത്തില്‍ ഇതുണ്ടാക്കിയ മാറ്റം കണ്ടറിയേണ്ടതാണെന്ന് ആര്‍.കെ.നായര്‍ പറയുന്നു. പലരും നല്ല വീടുവെച്ചു. മക്കളെ നന്നായി പഠിപ്പിക്കുന്നു.
ഇരുചക്രവാഹനങ്ങള്‍ വാങ്ങി. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. മാറ്റം പറഞ്ഞറിയിക്കുവാന്‍ പറ്റുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലും വലിയൊരു സാമൂഹ്യ സേവനത്തിന്റെ പ്രയോക്താവു കൂടിയാണ് ആര്‍.കെ.നായര്‍. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും വൃക്ഷതൈകള്‍ നട്ട് പ്രകൃതിയെ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണദ്ദേഹം.
ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി നാല്‍പ്പത് വനങ്ങള്‍ അദ്ദേഹം നട്ടുവളര്‍ത്തി. നിലമൊരുക്കി, കുഴി കുഴിച്ച്, വൃക്ഷതൈ നട്ട്, പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളം നനച്ച്, വേലി കെട്ടി സംരക്ഷിച്ചാണ് വനങ്ങള്‍ ഉണ്ടാക്കുന്നത്. തൈ നടന്നതു മുതല്‍ മരമാവുന്നതു വരെ അദ്ദേഹമതില്‍ ശ്രദ്ധാലുവായിരിക്കും. പാറപ്പുറത്ത് മരം നടാന്‍ അദ്ദേഹം സ്വന്തം ആശയമാണ് പ്രയോഗിക്കുന്നത്. ആദ്യം പാറയ്ക്കു മുകളില്‍ രണ്ടടി കനത്തില്‍ മണ്ണിടും. ശേഷം ഒന്നോ രണ്ടോ അടി ഇടവിട്ട് മരതൈകള്‍ നടും. നല്ല ജൈവവളം നല്‍കും. ആദ്യ രണ്ടര വര്‍ഷം വേനലില്‍ രാവിലെയും വൈകിട്ടും നന്നായി നനയ്ക്കും. ഈര്‍പ്പം നിലനിര്‍ത്താനായി ഉണങ്ങിയ വൈക്കോല്‍ കൊണ്ട് പുതയിടും. മൂന്ന് വര്‍ഷമാകുമ്പോഴേക്കും മരതൈകളുടെ വേരുകള്‍ പാറ പൊട്ടിച്ച് തുരന്ന് ഇറങ്ങിത്തുടങ്ങിയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സ്ഥലത്ത് വളരുന്നത് ഏതുതരം മരമാണെന്ന് നിരീക്ഷിച്ച് പഠിക്കും. അതിനനുസരിച്ചുള്ള മരതൈകളാണ് തിരഞ്ഞെടുക്കുക. ഉത്തരേന്ത്യയില്‍ പരീക്ഷിച്ച്, വിജയിച്ച ഈ രീതി പെരിയ താഴത്തു വീട് തറവാടിനു മുന്നിലെ പാറയില്‍ പ്രയോഗിക്കാനൊരുങ്ങുകയാണദ്ദേഹം. ഇപ്പോഴവിടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് മരം നട്ട് കാവാക്കി മാറ്റാനുള്ള പദ്ധതിയാണുള്ളത്. മറ്റൊരു ശ്രദ്ധേയമായ പ്രവര്‍ത്തനം, ഏറ്റവും വിഷമം പിടിച്ച, മാലിന്യങ്ങളാലും വിഷവാതകങ്ങളാലും ചുറ്റപ്പെട്ട സ്ഥലത്തെ വനവല്‍ക്കരണമാണ്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ താരാപ്പൂരിലെ വ്യവസായ പാര്‍ക്കില്‍ രാസമാലിന്യം തള്ളുന്ന നാലേക്കര്‍ സ്ഥലമുണ്ട്. ആ വിഷഭൂമി വനമാക്കി മാറ്റാന്‍ ആര്‍.കെ.നായരുടെ നേതൃത്വത്തിലുള്ള എന്‍വയറോ ക്രയേറ്റേഴ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു. 2016 നവംബര്‍ 5 ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് കിളച്ച് മറിച്ച് ജൈവവളം ഇട്ടു. 38 ഇനങ്ങളിലായി 32000 തൈകള്‍ നട്ടു. രണ്ടു വര്‍ഷം നന്നായി നനച്ചു. നൂറിലധികം പക്ഷികള്‍ വനത്തില്‍ കൂടു കൂട്ടി. മൂന്നിനം തേനീച്ചകളെത്തി. ശതാവരി ഉള്‍പ്പെടെയുള്ള ഔഷധ സസ്യങ്ങള്‍ നടാതെ തന്നെ ആ മണ്ണില്‍ വളര്‍ന്നു. പക്ഷികള്‍ ദൂരെയുള്ള മരങ്ങളുടെ വിത്തുകളെത്തിച്ചു.
മനുഷ്യന്‍ തളളിയ രാസവിഷം ഭൂമിക്കേല്‍പ്പിച്ച മുറിവ് മരുന്നു പുരട്ടി മരങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണെന്ന് തന്റെ അനുഭവസാക്ഷ്യത്തിലൂടെ ആര്‍.കെ.നായര്‍ വിവരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ അരയേക്കര്‍ മാലിന്യം തള്ളല്‍ കേന്ദ്രം 150 ഇനങ്ങളില്‍ പ്പെട്ട 6000 മരങ്ങള്‍ കൊണ്ട് സുന്ദര വനമാക്കി മാറ്റിയതും അദ്ദേഹത്തിന്റെ നേട്ടമാണ്. ചത്തീസ്ഗഡിലെ റായ്ഹഡ് ജില്ലയിലെ പാന്ധ്രിപാനി, ജൂറിഡ എന്നീ ഗ്രാമങ്ങളില്‍ മഹാത്മാഗാന്ധി ഓക്‌സിസോണ്‍ എന്ന പേരില്‍ ഏഴേക്കറില്‍ 103000 മരങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ട്. മരങ്ങള്‍ക്ക് നടുവിലായി രണ്ടേക്കറില്‍ ഒരു കൃത്രിമത്തടാകവും തീര്‍ത്തിട്ടുണ്ട്.
ആന്ധ്രയിലെ നിമ്മക്കൂറുവില്‍ 60,000 മരങ്ങള്‍ വളരുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ ജന്മനാടായ കൊമറവോളു നാരാവരിപ്പള്ളയിലും ശേഷാചല പര്‍വ്വതത്തിന്റെ താഴ്‌വരയിലെ ചിത്തൂരിലും മരം നട്ട് തുടങ്ങിയിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ്, ബറൂച്ച്, വാപ്പി, ഉമ്മര്‍ഗാം, ഭവ്‌നഗര്‍ ഹസ്തഗിരി എന്നിവിടങ്ങളിലും അദ്ദേഹം മരം നട്ടു വളര്‍ത്തിയിരിക്കുകയാണ്. ഛത്തിസ്ഗഡ് റായ്ഗര്‍ ജില്ലയിലെ ജുരുഡയില്‍ മരം നടാന്‍ കലക്ടര്‍ ഷമ്മി ആബിദ് അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഭൂമിപൂജ നടത്തിയശേഷം
നാല് മണ്ണുമാന്തിയന്ത്രങ്ങള്‍ കൊണ്ട് ഒന്‍പതു ദിവസം പണിയെടുത്ത് മണ്ണ് പാകപ്പെടുത്തി. മണ്ണിലെ ജീവജാലങ്ങളെ കൊന്നിട്ട് മരം നടുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ‘മണ്ണാണ് ജീവന്‍. മണ്ണിന് താനേ ജീവന്‍ തിരിച്ചു കിട്ടിക്കോളും. മരങ്ങള്‍ വളരുമ്പോള്‍ പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും തിരിച്ചെത്തും’. കുറച്ചു സമയം കൊണ്ട് കുറഞ്ഞ സ്ഥലത്ത് വ്യത്യസ്തങ്ങളായ ധാരാളം മരങ്ങള്‍ വളര്‍ത്തി സ്വാഭാവിക വനമുണ്ടാക്കുന്ന ജാപ്പനീസ് പ്രൊഫസറായ അകിര മിയാവാക്കിയുടെ മാതൃകയാണ് അദ്ദേഹം പിന്തുടരുന്നത്. ഈ രീതി നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഉമര്‍ഗാം അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടും ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിനു കീഴിലുള്ള ഐ.സി.ഡി.എസ്. സമിതി അംഗവുമാണ് ആര്‍.കെ.നായര്‍. 2017 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വസുന്ധര പുരസ്‌ക്കാരം നല്‍കി ആദരിച്ചു. വനവല്‍ക്കരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയില്‍ നിന്ന് അഭിനന്ദനം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 550000 മരങ്ങള്‍ നട്ടു വളര്‍ത്തിയതിന് ജര്‍മ്മനിയിലെ ഇന്റര്‍നാഷണല്‍ പീസ് യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. തൂവെള്ള വസ്ത്രധാരിയായ ആര്‍.കെ.നായര്‍ കര്‍ഷക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനായി മിക്ക ചടങ്ങുകളിലും തലയില്‍ പാളത്തൊപ്പി ധരിക്കാറുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും 2017 ലെ അന്‍ജാദ്രി പുരസ്‌ക്കാരം, സമാജ് സിന്ധു അവാര്‍ഡ് 2018, ഇക്കണോമിക്‌സ് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ട്രോറി ഓഫ് ഇന്ത്യ അവാര്‍ഡ്, ഇന്ത്യന്‍ സോളിഡാരിറ്റി കൗണ്‍സിലിന്റെ ഗ്രീന്‍ എന്‍വിറണ്‍മെന്റല്‍ എക്‌സലന്റ്‌സ് അവാര്‍ഡ് തുടങ്ങി പല പുരസ്‌ക്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. സൗപര്‍ണ്ണിക എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഐശ്വര്യ എക്‌സിം, ശ്രുതി അപ്പാരല്‍സ് എന്നീ കമ്പനികളുടെ സി.ഇ.ഒ മാണ് ആര്‍.കെ.നായര്‍. ആദ്യ ഭാര്യ ശ്രീലതയുടെ നിര്യാണശേഷം ഗുജറാത്ത് സ്വദേശിനി അനഘയെ വിവാഹം കഴിച്ചു. മകന്‍ ദീപക് സൗപര്‍ണ്ണിക എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. മകള്‍ ശ്രുതി ഫാഷന്‍ ഡിസൈനറാണ്. ഇത്രയൊക്കെ പറഞ്ഞിട്ടും അയാള്‍ നിര്‍ത്തിയില്ല. ഇനിയുമേറെ ചെയ്യാനുണ്ട്. തന്റെ ഉറച്ച നിശ്ചയദാര്‍ഢ്യത്തിനപ്പുറം ലോകം മുഴുവനറിയപ്പെടുമ്പോള്‍ തന്നെ വളരെ വിനയാന്വിതനായി, സൗമ്യനായി എളിമയോടെ ‘കരുതലോടെ തന്റെ വിജയപാതകള്‍ അദ്ദേഹം തുടര്‍ന്നു പോവുകയാണ്.