ബംഗളൂരു: മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ യദ്യൂരപ്പ സര്‍ക്കാര്‍ നീക്കം തുടങ്ങി. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് വെടിവെപ്പ് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം സമരത്തിലെ എസ്.ഡി.പി.ഐ ഇടപെടലാണെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൈകൊള്ളുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. പൗരത്വബില്ലിന്റെ പേരില്‍ കര്‍ണാടകയില്‍ കലാപം സൃഷ്ടിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഉടനെയുണ്ടാകുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലും എസ്.ഡി.പി.ഐക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പൗരത്വബില്ലിനെതിരെ യു.പിയില്‍ നടന്ന പ്രക്ഷോഭ പരിപാടികള്‍ അക്രമാസക്തമാകാന്‍ കാരണം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സമരത്തില്‍ നുഴഞ്ഞുകയറിയത് മൂലമാണെന്നാണ് യു.പി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.