കാഞ്ഞങ്ങാട്: മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വീട്ടമ്മ പരാജയപ്പെടുത്തി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശിയുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി കള്ളാറിലെ മദ്രസ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആള്‍ട്ടോകാറിലെത്തിയ നാലംഗസംഘം ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വീട്ടമ്മ ബഹളംവെച്ചുകൊണ്ട് കാറിന് സമീപത്തേക്ക് ഓടി. ഇതോടെ സംഘം കുട്ടിയെ വിട്ട് കാറില്‍ സ്ഥലം വിടുകയായിരുന്നു. വീട്ടമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ രാജപുരം പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.