തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി. പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഞായറാഴ്ച രാവിലെ മസ്‌ക്കത്ത് ഹോട്ടലില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്നാണ് ബി.ജെ.പി. നേതാക്കളായ പത്മകുമാറും എം.എസ്. കുമാറും പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ചതെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. നേരത്തെ അറിയിച്ചത് പ്രകാരം ബി.ജെ.പി പ്രതിനിധികള്‍ രാവിലെ യോഗത്തിന് എത്തിയെങ്കിലും പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു യോഗം വിളിച്ച് ചേര്‍ക്കാന്‍ അധികാരമില്ലെന്ന് പിന്നീട് ഇവര്‍ പറഞ്ഞു.