കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെന്‍സ് (മൂന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ സിബി തോമസിനെ വിസ്തരിച്ചതോടെയാണ് വിചാരണ പൂര്‍ത്തിയായത്. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കേസിലെ പ്രതികളെ കോടതിമുറിയില്‍ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഡിസംബര്‍ 31ന് ആരംഭിക്കും. 2013 ഒക്ടോബര്‍ 24ന് രാത്രി 11.45 ടെയാണ് മുത്തലിബ് കൊല ചെയ്യപ്പെട്ടത്. താമസിക്കുന്ന ഫഌറ്റില്‍ നിന്നും കാറില്‍ പോകുമ്പോള്‍ മുത്തലിബിനെ ഫഌറ്റിനു മുന്നില്‍ ബൈക്കിലെത്തിയ സംഘം വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന മുത്തലിബിനെ നാട്ടുകാര്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് (40), ഉപ്പള ഹിദായത്ത് നഗറിലെ ഷംസുദ്ദീന്‍, മുളിഞ്ച സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് റഫീഖ്, കൊടിബയലിലെ മന്‍സൂര്‍ അഹമ്മദ്, കര്‍ണ്ണാടക ഷിമോഗയിലെ സയ്യിദ് ആസിഫ്, പൈവളിഗെയിലെ മുഹമ്മദ് അന്‍സാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുത്തലിബ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതിയായ കാലിയ റഫീഖ് പിന്നീട് കൊല്ലപ്പെട്ടതോടെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മറ്റ് പ്രതികളെയാണ് വിചാരണയ്ക്ക് വിധേയരാക്കിയത്. കാലിയ റഫീഖും മുത്തലിബും തമ്മിലുണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാലിയാറഫീഖിന്റെ നീക്കങ്ങള്‍ സംബന്ധിച്ചുള്ള വിവരം മുത്തലിബ് പൊലീസിന് നല്‍കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. മുത്തലിബിനെ വെട്ടിയ സംഘത്തെ ഭാര്യ നേരില്‍ കണ്ടിരുന്നു. മുത്തലിബിന്റെ നിലവിളി കേട്ട് താമസസ്ഥലത്തുനിന്നും ഓടിയെത്തിയതായിരുന്നു ഭാര്യ. കേസിലെ പ്രധാനസാക്ഷിയും മുത്തലിബിന്റെ ഭാര്യയാണ്. 2019 ഫെബ്രുവരി ഒന്നിനാണ് മുത്തലിബ് വധക്കേസിന്റെ വിചാരണ ആരംഭിച്ചത്.