മുള്ളേരിയ: കാട്ടാനകുട്ടിയെ പുഴയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പയസ്വിനി പുഴയില്‍ കടുവന തൂക്കുപാലത്തിന് സമീപം പുഴയിലാണ് കാട്ടാന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നാല് ആനകളെ നാട്ടുകാര്‍ നില്‍ക്കുന്നത് കണ്ടിരുന്നു. ഓടിച്ച് വിട്ടാലും ഇത് സ്ഥിരമായി ഇവിടെ നില്‍ക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആനകുട്ടി ചരിഞ്ഞ നിലയില്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അതികൃതരെത്തി നാട്ടുകാരുടെ സഹായത്തോടെ കരക്കെടുത്ത് പൂവടുക്കയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. മൂന്ന് വയസ്സോളം പ്രായം തോന്നിക്കുന്ന ആനകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാര്‍ പറഞ്ഞു. ബോവിക്കാനം വെറ്റിനറി ആസ്പത്രിയിലെ സര്‍ജന്‍ പി. ജോര്‍ജ്ജ് പോസ്റ്റുമോര്‍ട്ടം നടത്തി. ഹെര്‍പ്പിസ് വൈറസ് ബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.