പെരിയ: ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം നല്‍കികൊണ്ട് ഏഴുനാള്‍ നീണ്ട കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം സമാപിച്ചു. ഏഴ് നൂറ്റാണ്ടുകള്‍ക്ക് ശേഷം നടന്ന പെരുങ്കളിയാട്ടത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിചേര്‍ന്നത്. ഇന്നലെ കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴക സന്നിധിയില്‍ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും എത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കി കല്ല്യോട്ട് ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു. ഉച്ചയ്ക്കാണ് മംഗലകുഞ്ഞുങ്ങളുടെയും കലശം എഴുന്നള്ളത്തിന്റെയും അകമ്പടിയോടെ ഭഗവതിയുടെ നാല്‍പ്പത്തീരടി തിരുമുടി കഴകത്തിലെ താല്ക്കാലിക ക്ഷേത്ര സന്നിധിയില്‍ ഉയര്‍ന്നത്. ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ പ്രത്യേകം സര്‍വ്വീസ് നടത്തിയ ബസുകളിലും ചെറുവാഹനങ്ങളിലുമായി കല്ല്യോട്ട് എത്തുകയായിരുന്നു. സിംഗപൂരില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളും ദേവീദര്‍ശനത്തിന് എത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ രാവിലെ തന്നെ ക്ഷേത്രത്തിലെത്തി കല്ല്യോട്ട് ഭഗവതിയുടെ അനുഗ്രഹം ഏറ്റു വാങ്ങിയാണ് തിരിച്ചു പോയത്. യാദവസമൂദായത്തിനൊപ്പം തന്നെ ഇതര ജാതി- മതസ്ഥരും പെരുങ്കളിയാട്ടത്തിന്റെ വിജയത്തിനായി തോളോട് തോള്‍ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.
സന്നിധിയിലെത്തിയ ഒരു ഭക്തനുപോലും ബുദ്ധിമുട്ടനുഭവപ്പെടാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംഘാടക സമിതിയും വിജയിച്ചു.