ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറിലിരുത്തി കൊണ്ടു പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് പിഴയീടാക്കി. 6100 രൂപയാണ് പിഴ ചുമത്തിയത്.ട്രാഫിക് നിയമം ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ റിട്ട.ഐ.പി.എസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ പ്രിയങ്ക എത്തിയപ്പോഴായിരുന്നു സംഭവം.കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയ പ്രിയങ്കയെ പൊലീസുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്ജറിനൊപ്പം പ്രിയങ്ക സ്‌കൂട്ടറില്‍ കയറി ധാരാപുരിയുടെ വസതിയിലേക്ക് പോയത്. എന്നാല്‍ ഇരുവരും ഹെല്‍മറ്റ് ധരിച്ചില്ലെന്നും ഗതാഗത നിയമലംഘനം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 2500, അശ്രദ്ധമായ ഡ്രൈവിംഗിന് 2500, ഹെല്‍മറ്റ് ധരിക്കാത്തതിന് 500, ട്രാഫിക് നിയമം ലംഘിച്ചതിന് 300, തെറ്റായ നമ്പര്‍ പ്ലേറ്റിന് 300 എന്നിങ്ങനെയാണ് 6100 രൂപ പിഴ ചുമത്തിയത്.