തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ രാജ്യത്തിന് വിനാശകരമായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം 2019 രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സര്‍വകലാശാല വിദ്യാര്‍ത്ഥികളും തൊഴിലാളികളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍പ്പെട്ടവരും ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടു വന്നിരിക്കുകയാണ്. മത വിവേചനത്തിന്റെ രീതിയിലുള്ള ഈ ഭേദഗതി അന്താരാഷ്ട്രാ സമൂഹത്തില്‍തന്നെ നമ്മുടെ നാടിനെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്തെമ്പാടും പ്രവാസികളായി ജീവിക്കുന്ന മലയാളി സമൂഹത്തിനിടയിലും പൗരത്വ ഭേദഗതി നിയമം ആശങ്കകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ഈ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. രാജ്യത്തിന്റെ സവിശേഷതകളായി നാം അഭിമാനിക്കാറുള്ള ഘടകങ്ങളാണ് മതനിരപേക്ഷതയും അതിന്റെ ഭാഗമെന്നോണം നിലകൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടും. ‘ഇന്ത്യയെപ്പോലെ ഇത്രയേറെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രവും ഭാഷകളും സംസ്‌കാരങ്ങളും മതവിഭാഗങ്ങളും എല്ലാം ഉണ്ടായിരുന്നിട്ടും ഒരു രാഷ്ട്രം എന്ന നിലയില്‍ നമുക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞത് മേല്‍പ്പറഞ്ഞ രണ്ട് കാഴ്ചപ്പാടുകളെ മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്. മതനിരപേക്ഷതയ്ക്കും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രീതിക്കും പോറല്‍ ഏല്‍ക്കുമ്പോള്‍ അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും എന്നത് നാം ഓര്‍ക്കണം. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ മൂല്യങ്ങളെ കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഏതു നിയമനിര്‍മ്മാണവും വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കും. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത രൂപപ്പെട്ടുവന്നത് നൂറ്റാണ്ടുകളായി ഇവിടെ വളര്‍ന്നുവന്ന സാമൂഹ്യരാഷ്ട്രീയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്. നാം ഇന്നുകാണുന്ന ഇന്ത്യന്‍ ജനതയുടെ സംസ്‌കാരം രൂപപ്പെട്ടുവന്നത് ഏറെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണകളേ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ചരിത്രത്തിന്റെ വികാസത്തിന് അനുസരിച്ച് ആധുനിക ഇന്ത്യ രൂപപ്പെട്ടുവരികയായിരുന്നു. ആധുനിക ഇന്ത്യയുടെ രൂപീകരണം ഉണ്ടാകുന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ അടിത്തറയിലാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.