കുമ്പള: കിദൂര്‍ പക്ഷിസങ്കേതത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 2.7 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയത്. ജില്ലയില്‍ പക്ഷികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയുള്ള പ്രദേശമായ കിദൂരിനെയാണ് ജില്ലയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായി വികസിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുളളത്. ആരിക്കാടിയില്‍ നിന്ന് 7 കി.മീ. മാറി സ്ഥിചെയ്യുന്ന കിദൂര്‍ ഏകദേശം 170 ഓളം പക്ഷികളുടേയും ദേശാടന കിളികളുടേയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുനിന്നും ഉളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടേയും മുഖ്യ ആകര്‍ഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാന്‍ സാധിക്കും. ക്യാമ്പിംഗിനും പക്ഷിസങ്കേതം ആസ്വദിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രൊജക്ട് വിഭാവനം ചെയ്യുന്നുണ്ട്. നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി ഏകദേശം 2.7 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സോളാര്‍ തെരുവ് വിളക്കുകള്‍, ആധുനിക ശൗചാലയങ്ങള്‍, എഫ്.ആര്‍.പി മാലിന്യ ശേഖരണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കും. പക്ഷിസങ്കേതാടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനല്‍കിയിട്ടുണ്ട്. പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി നടപ്പിലാക്കുന്ന പ്രദേശം കൃഷി ശാസ്ത്രജ്ഞന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. ഡോ.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവരും മറ്റു ജില്ലാ സമിതി അംഗങ്ങളും പങ്കെടുത്തു.