കോട്ടിക്കുളം: റോഡ് കടന്നു പോകുന്നുവെന്ന സവിശേഷത ഒരു ശാപമായി പേറി നടക്കുന്ന റെയില്‍വെ സ്റ്റേഷനാണ് കോട്ടിക്കുളം. ഇതിലൂടെ 50ല്‍ പരം ട്രെയിനുകളുടെ സുഗമമായ സഞ്ചാരത്തിനായി റോഡ് ഇടക്കിടെ അടച്ചിടുമ്പോള്‍ വാഹന ഗതാഗതം തടസപ്പെടുന്നതിന്റ ദുരിതങ്ങള്‍ നാട്ടുകാര്‍ പേറി നടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഏറെ മുറവിളിക്കു ശേഷം മേല്‍പ്പാലമെന്ന നാട്ടുകാരുടെ ആവശ്യം റെയില്‍വെ അംഗീകരിച്ച് (ആര്‍.ഒ.ബി.280) അതിനായ് സ്ഥലമെടുപ്പും പൂര്‍ത്തിയാക്കി. നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന്റെ കിഴക്കു ഭാഗത്ത് ആറാട്ടുകടവ് ഭാഗത്തേക്കുള്ള റോഡിനോട് ചേര്‍ന്ന് കുറച്ചു കൂടി സ്ഥലം ഏറ്റെടുക്കുന്ന കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. സ്ഥലം വിട്ടു നല്‍കാന്‍ ഉടമകള്‍ ഇവിടെ പൂര്‍ണ്ണമായും സഹകരിച്ചു.
ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ വികസന പദ്ധതിയുടെ ഭാഗമായി ടൂറിസം സ്റ്റേഷനായി ഉയര്‍ത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച റെയില്‍വെ സ്റ്റേഷനാണിത്. ആദര്‍ശ് സ്റ്റേഷനാണെങ്കിലും പ്രാഥമിക അടിസ്ഥാന സൗകര്യം പോലുമില്ലെന്നാണ് യാത്രക്കാരുടെ പരാതി. പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടാന്‍ നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതിയാണ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നത്. അതിന് മുന്നോടിയായി ഏകദിന സൂചന ഉപവാസം 10ന് പാലക്കുന്ന് ടൗണില്‍ നടത്തും.
കോട്ടിക്കുളം മേല്‍പ്പാലം പണി ഉടനെ ആരംഭിക്കുക, സ്റ്റേഷനില്‍ പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ടൂറിസം സ്റ്റേഷനാക്കാനുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് അംഗങ്ങള്‍, ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ വിവിധ ആരാധനാലയ കമ്മിറ്റികളുടെയും വ്യാപാരി വ്യവസായ സമിതികളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളും പങ്കെടുക്കും.
വൈകിട്ട് 4.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂജാരിയും ആചാര സ്ഥാനികരും നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിക്കും.