കാസര്‍കോട്: പുതിയ പ്രതീക്ഷകളുടെ കൈ പിടിച്ച്, ഒപ്പരം ചേര്‍ന്ന് നിന്ന് കാസര്‍കോട് പുതുവര്‍ഷത്തെ വരവേറ്റു. കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഗസലും പുതുമണവാളനായി കാസര്‍കോട് ജില്ലാ കലക്ടറുടെ മാസ് എന്‍ട്രിയും സംസ്ഥാന കലോത്സവ വേദികളില്‍ തിളങ്ങിയ വിവിധ കലാപരിപാടികളും മ്യൂസിക് ബാന്റും ‘ഒപ്പരം’ പുതുവര്‍ഷാഘോഷത്തെ ഗംഭീരമാക്കി. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് പുതുവര്‍ഷാഘോഷം ഒരുക്കിയത്. വേദിയിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ പുതിയ വര്‍ഷത്തിന്റെ ആദ്യനിമിഷം തെളിഞ്ഞ നേരം വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു തിരികൊളുത്തിയതോടെ സദസ് ഒന്നടങ്കം ഹര്‍ഷാരവത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. ആകാശത്ത് പടക്കത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ നിറഞ്ഞു. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്വാഗത ഗാനത്തോടെയാണ് ആഘോഷം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അവതരിപ്പിച്ച ഗസല്‍ ഹൃദ്യാനുഭവമായി. മാര്‍ഗംകളി, തിരുവാതിര, ഒപ്പന, പാപ്പാത്തി നാടകം, നാടന്‍പാട്ട്, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി.വി. രമേശന്റെ മകള്‍ ഡോ. ആര്യരമേശ് അവതരിപ്പിച്ച മോണോആക്ട്, സ്വാമി സായ് കൃപയും സംഘവും അവതരിപ്പിച്ച കങ്കില നൃത്തം, ഫോക് ഫ്യൂഷന്‍ ഡാന്‍സ് എന്നിവ കൊഴുപ്പേകി. ജില്ലാ കലക്ടര്‍ പുതുമണവാളനായി വേദിയിലെത്തിയ പുരുഷന്മാരുടെ ഒപ്പന സദസ്സ് നന്നായി ആസ്വദിച്ചു. റിഥം ബീറ്റസ് കാലിക്കറ്റ് അവതരിപ്പിച്ച മ്യൂസിക് ബാന്റിനൊപ്പം സദസ് നൃത്തംവെച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. തിയേറ്ററിക്‌സ് സൊസൈറ്റി ജന. സെക്രട്ടറി ടി.എ.ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാ അധ്യക്ഷന്മാരായ ബീഫാത്തിമ ഇബ്രാഹിം, വി.വി. രമേശന്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പുണ്ടരീകാക്ഷ, സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, എ.ഡി.എം. എന്‍. ദേവിദാസ്, എച്ച്.എസ്. കെ. നാരായണന്‍, സതീഷന്‍, സുരേഷ്ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എസ്. ശാലിയന്‍, കുവേമ്പു യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ എന്‍.എം. തല്‍വാര്‍, ജി.ബി. വത്സന്‍, സുബിന്‍ ജോസ്, കെ.എസ്. ഗോപാലകൃഷ്ണന്‍, അഹ്‌റാസ് അബൂബക്കര്‍, ആര്‍.എസ്. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിയേറ്ററിക്‌സ് സൊസൈറ്റി ട്രഷറര്‍ ടി.വി. ഗംഗാധരന്‍ നന്ദി പറഞ്ഞു.